അഞ്ജുവിനോട് കായിക മന്ത്രി മാപ്പു പറയണമെന്ന് തിരുവഞ്ചൂര്‍ 

ന്യൂഡല്‍ഹി: അഞ്ജു ബോബി ജോര്‍ജിനോട് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍ സ്വീകരിച്ചതുപോലുള്ള നിലപാടുകള്‍ സംസ്ഥാനത്തെ കായിക രംഗത്തെ തകര്‍ക്കുന്നതെന്ന് മുന്‍കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്രയും വേഗം അഞ്ജു ബോബി ജോര്‍ജിനോട് മാപ്പു പറഞ്ഞ് ഈ വിവാദം അവസാനിപ്പിക്കാന്‍ ജയരാജന്‍ തയ്യാറാവണം.
രാഷ്ട്രീയ വൈര്യത്തോടെ കായിക രംഗത്തെ വിലയിരുത്തുന്നത് ശരിയല്ല. കായിക രംഗത്തെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളേയും പ്രോല്‍സാഹിപ്പിക്കുന്നതായിരിക്കണം സര്‍ക്കാര്‍ നയം. ദൗര്‍ഭാഗ്യവശാല്‍ ഇ പി ജയരാജന്‍ എടുത്ത നിലപാട് നൂറു ശതമാനം രാഷ്ട്രീയമായിപ്പോയി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ രൂപീകരണം ഇന്ത്യയിലെ കായിക താരങ്ങള്‍ക്കെല്ലാം സന്തോഷം നല്‍കുന്നതായിരുന്നു.
73 അംഗ സ്‌പോര്‍ട്‌സ് കൗണ്‍സിലിനകത്തെ എല്ലാ അംഗങ്ങളും കായിക രംഗവുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഇന്ത്യ അറിയപ്പെടുന്ന കായികതാരം എന്നത് മാത്രമല്ല അഞ്ജു ബോബി ജോര്‍ജിനെ കൗണ്‍സിലിന്റെ പ്രസിഡന്റാക്കാന്‍ കാരണം. മറിച്ച് കേരളത്തിലെ കായിക രംഗത്ത് നില്‍ക്കുന്നവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയെന്നതും നിയമനത്തിന് പിന്നിലുണ്ടായിരുന്നു. തിരക്ക് വളരെ കൂടുതല്‍ ഉണ്ടായിരുന്നിട്ടും അഞ്ജു ജോര്‍ജ് കേരളത്തോടുള്ള താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാവാന്‍ സമ്മതിച്ചത്. കേരളം മുഴുവന്‍ അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതൊന്നും മനസ്സിലാക്കാതെയുള്ള പെരുമാറ്റമാണ് ഇ പി ജയരാജനില്‍ നിന്നുണ്ടായത്. ഇത് കായിക രംഗത്തെ തകര്‍ക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it