അഞ്ജുവിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കുന്നു: മന്ത്രി ജയരാജന്‍

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റേതായി രണ്ടു ദിവസമായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അല്‍ഭുതപ്പെടുത്തുന്നതാണെന്ന് കായിക മ ന്ത്രി ഇ പി ജയരാജന്‍. അഞ്ജു ബോബി ജോര്‍ജ് എന്ന കായിക പ്രതിഭയെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജുവും വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി യും എന്നെ കാണാന്‍ ജൂണ്‍ ഏഴിന് ഓഫിസില്‍ വന്നിരുന്നു. അവരുമായി നല്ല സൗഹൃദത്തില്‍ സംസാരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയവും ആശംസിച്ചാണ് പിരിഞ്ഞത്. സര്‍ക്കാര്‍ മാറിവന്നാല്‍ പുതിയ സര്‍ക്കാരിന്റെ കായിക നയങ്ങളും തീരുമാനങ്ങളും ബാധകമാവേണ്ടതാണ്. ബോര്‍ഡ് യോഗം കൂടി തീരുമാനമെടുക്കുമ്പോള്‍ അതു മറക്കരുത് എന്ന് സംസാരമധ്യേ വൈസ് പ്രസിഡന്റിനോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടി. അതെന്താണ് എന്ന് വൈസ് പ്രസിഡന്റ് ചോദിച്ചപ്പോഴാണ് പ്രസിഡന്റിന് ബംഗളൂരുവില്‍ നിന്നു വരുവാനുള്ള വിമാന ചാര്‍ജ് നല്‍കാന്‍ എടുത്ത തീരുമാനം ഉദാഹരിച്ചത്. അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പ് ആലോചിക്കേണ്ടതായിരുന്നു എന്ന് വൈസ് പ്രസിഡന്റിനോടും ആ തീരുമാനം നിങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് പ്രസിഡന്റിനോടും പറഞ്ഞു. ഏഴിന് തന്നെ കാണാന്‍ വന്ന് തിരിച്ചുപോയ അഞ്ജു ബോബി ജോര്‍ജ് അന്ന് ഒരു പരാതിയും പറഞ്ഞിരുന്നില്ല. ഒമ്പതിനാണ് തന്നെ ശകാരിച്ചു എന്ന വാര്‍ത്ത അവര്‍ പുറത്തുവിടുന്നത്. എന്തുകൊണ്ടാണ് രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഈ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ചില മാധ്യമങ്ങള്‍ ദുഷ്പ്രചാരണവുമായി രംഗത്തു വരുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it