അഞ്ച് സീറ്റില്‍ അവകാശം ഉന്നയിച്ച് സിഎംപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിഎംപി. സിപിഎമ്മുമായി നടത്തിയ സീറ്റു ചര്‍ച്ചയില്‍ സിഎംപിക്ക് ഒരു സീറ്റ് അനുവദിച്ചെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അറിയിച്ചു.
എല്‍ഡിഎഫിനോട് 5 സീറ്റുകളാണ് സിഎംപി ആവശ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല, കൊല്ലം ജില്ലയില്‍ ഇരവിപുരം, കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ കോട്ടയം, തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ അല്ലെങ്കില്‍ വടക്കാഞ്ചേരി, കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് എന്നീ മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
യുഡിഎഫിലുണ്ടായിരുന്ന സിഎംപി കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും നാലോ അല്ലെങ്കില്‍ മൂന്നോ സീറ്റുകളിലാണ് മത്സരിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, തിരുവനന്തപുരം വെസ്റ്റ്, നേമം എന്നീ മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടുള്ളതില്‍ കഴക്കൂട്ടം, തിരുവനന്തപുരം വെസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ പുനലൂരും, പത്തനംതിട്ട ജില്ലയില്‍ ആറന്മുള, തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പ്, നാട്ടിക, കുന്നംകുളം, പാലക്കാട് ജില്ലയില്‍ നെന്മാറ, കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട്, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് മല്‍സരിച്ചിട്ടുള്ളത്. 4 തവണ മല്‍സരിച്ചിട്ടുള്ള അഴീക്കോട് മണ്ഡലത്തില്‍ ഒരുതവണ സിഎംപി വിജയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും മുന്‍തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് കിട്ടിയിട്ടുള്ള പ്രാതിനിധ്യമാണ് പാര്‍ട്ടി എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it