അഞ്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലെ അഞ്ച് ലോക്‌സഭാംഗങ്ങള്‍ രാജിവച്ചു. വൈ വി സുബ്ബ റെഡ്ഡി, പി വി മിഥുന്‍ റെഡ്ഡി, വൈ എസ് അവിനാഷ് റെഡ്ഡി, മേകപ്പട്ടി രാജ്‌മോഹന്‍ റെഡ്ഡി, വരപ്രസാദ് റാവു എന്നിവരാണ് എംപി സ്ഥാനം രാജിവച്ചത്.
ആന്ധ്ര വിഷയത്തിലുള്ള പ്രതിഷേധം മൂലം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പൂര്‍ണമായി പാര്‍ലമെന്റിന്റെ ഇരുസഭകളും  സ്തംഭിച്ചിരുന്നു. സമ്മേളനത്തിന്റെ അവസാനദിനമായ ഇന്നലെ അഞ്ച് അംഗങ്ങളും തങ്ങളുടെ രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കൈമാറി. അവസാന ദിവസമായ ഇന്നലെയും സഭ തുടങ്ങിയ ഉടന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടതോടെയാണ് അംഗങ്ങള്‍ രാജിപ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന വാഗ്ദാനം പാലിക്കാനോ തങ്ങളുടെ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് രാജിക്കുശേഷം എംപിമാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജനാധിപത്യത്തെ അവമതിക്കുകയാണെന്നും എംപിമാര്‍ പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസം തങ്ങളുടെ എംപിമാര്‍ രാജിവയ്ക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് എട്ട് എംപിമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍, പി വൈ ശുബ്ബ റെഡ്ഡി (നന്ദ്യാല്‍), ബുട്ട രേണുക (കര്‍ണോല്‍), കൊത്തപള്ളി ഗാത (അറാകു) എന്നീ മൂന്നുപേര്‍ പാര്‍ട്ടി വിട്ട് ടിഡിപിയില്‍ ചേരുകയായിരുന്നു.
അതേസമയം, തെലുഗുദേശം പാര്‍ട്ടി (ടിഡിപി) അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്നും കിടന്നും സമരം നടത്തി. ബജറ്റ് സമ്മേളനം ഇന്നലെ അവസാനിച്ചെങ്കിലും ഡല്‍ഹിയില്‍ തന്നെ തുടരാന്‍ ടിഡിപി എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it