അഞ്ച് വര്‍ഷത്തില്‍ ജയിലില്‍ മരിച്ചത് 127 പേര്‍

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ 2012 മുതല്‍ 2017 വരെ മരിച്ചത് 127 തടവുകാരെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതില്‍ ആറെണ്ണം അസ്വാഭാവിക മരണമാണ്. മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ ജയില്‍ അധികൃതരുടെ അനാസ്ഥമൂലവും ഒരാള്‍ ബാഹ്യശക്തികളുടെ ആക്രമണം മൂലവും ഒരാള്‍ മറ്റു കാരണങ്ങളാലും മരിച്ചു. രോഗമോ മാറാരോഗമോ മൂലം 121 പേര്‍ മരിച്ചതായും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റ് പറയുന്നു.
വിവിധ രോഗങ്ങള്‍മൂലം മരിച്ചതിനെ സ്വാഭാവിക മരണമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രിംകോടതിയുടെ ജയില്‍ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച പൊതു താല്‍പര്യ ഹരജിയിലാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജയിലില്‍ അസ്വാഭാവിക മരണം നടന്നാല്‍ ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെന്ന് സ്റ്റേറ്റ്‌മെന്റ് പറയുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരള പോലിസ് ഗൗരവത്തോടെയാണു നടപ്പാക്കുന്നതെന്നും സ്റ്റേറ്റ്‌മെന്റ് പറയുന്നു. കേസില്‍ അഡ്വ. സന്തോഷ് മാത്യുവിനെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.



Next Story

RELATED STORIES

Share it