Kollam Local

അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 87459 പശുക്കള്‍ കുറഞ്ഞു

കൊല്ലം: ജില്ലയില്‍ പശുക്കളുടെയും ആടുകളുടേയും എണ്ണത്തില്‍ കുറവ് വന്നതായി കണക്കുകള്‍. 2012ല്‍ 1,88000 പശുക്കളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 1,54100 ആയി ചുരുങ്ങി. 87459 എണ്ണത്തിന്റെ കുറവാണുണ്ടായത്. അഞ്ച് വര്‍ഷം മുമ്പ് 7,20240 ആടുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ കണക്ക് അനുസരിച്ച് 1,10957ആടുകള്‍ മാത്രമാണുള്ളത്. 609283 എണ്ണത്തിന്റെ കുറവ്. കുളമ്പ് രോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് ജില്ലയില്‍ പശുവിന്റെയും ആടുകളുടെയും എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി വിവരമുള്ളത്. എന്നാല്‍ പന്നികളുടെയും കോഴി, താറാവ് എന്നിവയുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എരുമ-5764, പന്നി-909, മുയല്‍-12511,താറാവ്-108851, കോഴികള്‍-658758 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ എണ്ണം.കഴിഞ്ഞ തവണ ജില്ലയില്‍ 544പന്നികള്‍ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ തവണ 426126 കോഴികളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഇറച്ചിക്കായി പോത്ത്, പന്നി, കോഴി എന്നിവയെ വളര്‍ത്തുന്ന ഫാമുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നെല്‍കൃഷിയോടനുബന്ധിച്ച് ഒന്നും രണ്ടും പശുക്കളെയും ആടുകളെയും വളര്‍ത്തിയ കര്‍ഷകരാണ് പിന്‍മാറിയതില്‍ കൂടുതലും. കാലിത്തീറ്റക്ക് വില കുടുന്നതും വയലുകള്‍ ഇല്ലാതാകുന്നതും ക്ലേശകരമായ ജോലി ചെയ്യാന്‍ ആളെ കിട്ടാത്തതുമാണ് കര്‍ഷകര്‍ ക്ഷീര മേഖലയില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it