അഞ്ച് ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട്: മലമ്പുഴ കടുക്കാംകുന്നില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. കടുക്കാംകുന്ന് സ്വദേശികളായ പാറയില്‍വീട് മണികണ്ഠന്‍, പഞ്ചിക്കര രാജേഷ് എന്ന കുട്ടായി, നമ്പന്‍പുര മുരുകദാസ്, പാറയില്‍ വീട് സുരേഷ്, എസ് കെ നഗര്‍ പുഴയ്ക്കല്‍ വീട് ഗിരീഷ് എന്നിവരെയാണ് പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ ശിക്ഷ വിധിച്ചത്. പ്രതികള്‍ രണ്ടു ലക്ഷം രൂപവീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം അധിക തടവു കൂടി അനുഭവിക്കണം. ഐപിസി 143, 147, 148, 341, 302 വകുപ്പുകള്‍ പ്രകാരം കൊലപാതകം, സംഘംചേരല്‍, ഗൂഢാലോചന, തടഞ്ഞുവയ്ക്കല്‍, മാരകായുധങ്ങളുമായുള്ള ആക്രമണം തുടങ്ങിയവ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. പിഴ തുകയിലെ നാല് ലക്ഷം രൂപ വീതം കൊല്ലപ്പെട്ടവരുടെ രണ്ട് കുടുംബങ്ങള്‍ക്കും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2007 ഒക്ടോബര്‍ 29നു വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. മലമ്പുഴ കടുക്കാംകുന്നിലെ സിഐടിയു തൊഴിലാളികളും സിപിഎം പ്രവര്‍ത്തകരുമായ ഗോപാലകൃഷ്ണന്‍, രവീന്ദ്രന്‍ എന്നിവര്‍ സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിച്ചുവരുമ്പോള്‍ കടുക്കാംകുന്ന് നിലംപതി പാലത്തില്‍ പതിയിരുന്ന അക്രമികള്‍ ഇരുവരെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ പ്രദേശത്തെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. കേസിലെ പ്രതികളായിരുന്ന സിഎന്‍ പുരം തെക്കിന്‍പുര വല്‍സകുമാര്‍, സുരേഷ് എന്ന കൊമ്പന്‍ സുരേഷ് എന്നിവരെ കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ടിരുന്നു. ഹേമാംബിക നഗര്‍ സിഐ ആയിരുന്ന വാഹിദ്, എസ്‌ഐ ദീപക് എന്നിവരാണ് കേസ് അന്വേഷിച്ചത്. 64ല്‍ 23 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 52 രേഖകളും അഞ്ച് ആയുധങ്ങളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വിനോദ് കെ കയനാട്ടും പ്രതികള്‍ക്കു വേണ്ടി അഡ്വ. പി എസ് ശ്രീധരന്‍പിള്ള, അഡ്വ. പി പ്രകാശ് എന്നിവരും ഹാജരായി. കേസിന്റെ വിധി വരുന്നതറിഞ്ഞ് നൂറുകണക്കിന് സംഘപരിവാര പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ കോടതി പരിസരത്തു തടിച്ചുകൂടി. പ്രതികളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ പോലിസ് സാന്നിധ്യത്തിലും സംഘപരിവാര പ്രവര്‍ത്തകര്‍ കൈയേറ്റത്തിനു ശ്രമിച്ചു.
Next Story

RELATED STORIES

Share it