Flash News

അഞ്ച് അതിര്‍ത്തികള്‍ ഹമാസ് പിഎല്‍എക്ക് കൈമാറി



ഗസ: ഫലസ്തീനില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള അഞ്ച് അതിര്‍ത്തികളുടെ നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റി (പിഎല്‍എ)ക്ക് കൈമാറി. ഒക്ടോബര്‍ 12ന് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഫതഹ് ഗസയുടെ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കൈമാറിയത്. ഉപാധികളില്ലാതെയാണ് അതിര്‍ത്തികള്‍ കൈമാറിയതെന്ന് ഫതഹ് പാര്‍ട്ടി വക്താവ് ഉസാമ ഖാസ്മി അറിയിച്ചു. 2007ലെ വിഭജനത്തിന്റെ മുമ്പുള്ള അവസ്ഥ നിലനിര്‍ത്തുക എന്നതാണ് നടപടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കറം അബൂസാലിം, റഫ, ബൈത്ത് ഹനൂന്‍ (ഇറിസ്), കാര്‍നി, കെറം ഷാലോം (കരീം അബൂ സലീം) സുഫ അതിര്‍ത്തികളാണ് പിഎല്‍എ—ക്കു കൈമാറിയത്. ഇതില്‍ ഇറിസ് നിലവില്‍ ഇസ്രായേലിന്റെ അധീനതയിലാണ്. അതിര്‍ത്തികളുടെ ഭരണച്ചുമതല  പിഎല്‍എ ഏറ്റെടുക്കുമെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.  അതിര്‍ത്തി കൈമാറ്റം ഫലസ്തീനികളുടെ ജീവിതം ആയാസരഹിതമാക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ പ്രതികരിച്ചു. 2005ലെ അതിര്‍ത്തികള്‍ സംബന്ധിച്ച കരാര്‍ പ്രകാരം 15നകം റഫ അതിര്‍ത്തി തുറക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഈജിപ്ത് ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും ഫലസ്തീന്‍ സിവില്‍ അഫയേഴ്‌സ് മന്ത്രി ഹുസയ്ന്‍ ശെയ്ഖ് പറഞ്ഞു. ചെക്‌പോസ്റ്റുകളിലെ നികുതി കാര്യാലയങ്ങള്‍ പിഎല്‍എ കഴിഞ്ഞദിവസം ഏറ്റെടുത്തിട്ടുണ്ട്. ഹമാസ് നിയന്ത്രണം ഏറ്റെടുത്തതുമുതല്‍ ഗസയുടെ തെക്കന്‍ മേഖലയിലെ റഫ അതിര്‍ത്തി അടഞ്ഞുകിടക്കുകയായിരുന്നു.  അതേസമയം അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ അര്‍ധരാത്രി വീടുകളില്‍ റെയ്ഡ് നടത്തിയ ഇസ്രായേലി പോലിസ് 17 ഫലസ്തീനി യുവാക്കളെ കസ്റ്റഡിയിലെടുത്തു. നെബ്‌ലൂസില്‍ ആരാധനാലയത്തിനുനേരെ ഇസ്രായേലി കുടിയേറ്റക്കാന്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ബത്‌ലഹേം, തുല്‍കരീം, ജെനിന്‍ പ്രദേശങ്ങളിലെ വീടുകളില്‍ പോലിസ് റെയ്ഡ് നടത്തുകയായിരുന്നുവെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി അറിയിച്ചു. നിലവില്‍ 6,500 ഫലസ്തീനികള്‍ ഇസ്രായേലിന്റെ തടങ്കലിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും വെസ്റ്റ് ബാങ്കില്‍നിന്നുള്ളവരാണ്.
Next Story

RELATED STORIES

Share it