Flash News

അഞ്ചേരി ബേബി വധക്കേസ് : എം എം മണിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ



കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിക്കെതിരേ സെഷന്‍സ് കോടതിയുടെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. തൊടുപുഴ അഡീ. സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മണി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. എന്നാല്‍, പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് എം എം മണി നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നിലവില്‍ കേസുള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ വിചാരണക്കോടതി പ്രതികളെ വെറുതേ വിട്ടത് പിന്നീട് ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാല്‍, 2012 മെയ് 25ന് എം എം മണി തൊടുപുഴ മണക്കാട് ജങ്ഷനില്‍ നടത്തിയ വിവാദ പ്രസംഗത്തോടെയാണ് വീണ്ടും കേസ് ചര്‍ച്ചാ വിഷയമായത്. മണിയുടെ വിവാദ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തൊടുപുഴ പോലിസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ വെറുതെവിട്ട കേസില്‍ പ്രസംഗത്തിന്റെ പേരില്‍ തന്നെ അനാവശ്യമായാണ് പ്രതി ചേര്‍ത്തിട്ടുള്ളതെന്നാണ് മണിയുടെ ആരോപണം. ആദ്യ കേസില്‍ താന്‍ പ്രതിയായിരുന്നില്ല. അന്നത്തെ പ്രതികളെ തെളിവില്ലാത്തതിന്റെ പേരില്‍ വെറുതെ വിടുകയും ചെയ്തു. തനിക്കെതിരേ ആരോപിച്ചിട്ടുള്ള ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ല. ഈ സാഹചര്യത്തില്‍ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് മണിയുടെ ആവശ്യം. നേരത്തേ മണിയുടെ ഹരജി തൊടുപുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാരനെന്ന നിലയില്‍ മണിക്കെതിരായ നടപടികള്‍ക്ക് മാത്രമാണ് ഹൈക്കോടതിയുടെ സ്റ്റേ.
Next Story

RELATED STORIES

Share it