അഞ്ചേരി ബേബി വധം: എം എം മണി കോടതിയില്‍ ഹാജരായി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം മണി, സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി ഒ ജി മദനന്‍ എന്നിവര്‍ നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.
കേസ് ഈ മാസം 28ലേക്ക് മാറ്റി. അഭിഭാഷകക്കൊപ്പമാണ് മണി കോടതിയില്‍ എത്തിയത്. മറ്റൊരു പ്രതിയായ ഉടുമ്പന്‍ചോല മാട്ടുതാവളം കരുണാകരന്‍ കോളനിയില്‍ കൈനകരി കുട്ടന്‍ ഹാജരായില്ല. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബി വധത്തിന്റെ പുനരന്വേഷണ കുറ്റപത്രം നവംബര്‍ 18ന് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിപ്പട്ടികയിലുള്ളവരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബേബിയുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സുനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നു പേരെയും 2012 നവംബറില്‍ അറസ്റ്റ് ചെയ്ത് രണ്ടുമാസത്തോളം റിമാന്‍ഡില്‍ വച്ചിരുന്നു. ഗൂഢാലോചന കേസിലാണ് എം എം മണിയെ അന്ന് അറസ്റ്റ് ചെയ്തത്.
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒമ്പത് പേരെയും തെളിവുകളുടെ അഭാവത്താല്‍ കോടതി വെറുതെ വിട്ടു. എതിരാളികളെ പട്ടിക തയ്യാറാക്കി വക വരുത്തിയെന്ന് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ എം എം മണി 2012 മെയ് 25ന് തൊടുപുഴ മണക്കാട് നടത്തിയ പ്രസംഗത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷണമുണ്ടായത്.
ആദ്യം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒമ്പത് പേരിലൊരാളായ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മോഹന്‍ദാസ് പുനരന്വേഷണ സംഘം മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റും മറ്റും നടന്നത്. ബേബിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടന്‍ നേരിട്ട് പങ്കെടുത്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോട്ടയം ജില്ലാ കോടതിയിലെ സിബി ചേനപ്പാടിയെ നിയമിച്ചു.
Next Story

RELATED STORIES

Share it