അഞ്ചു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അവശേഷിച്ച അഞ്ചു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് ഫീസ് കൂടി ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചു. ഇതു വരെ 21 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് ഫീസാണ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ ഫീസ് നിര്‍ണയം വൈകിയേക്കും.
തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ്, കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍കോളജ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലെ ഫീസാണ് നിശ്ചയിച്ചത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ 2017-18 വര്‍ഷം ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച 4.85 ലക്ഷം രൂപയാണു വാര്‍ഷിക ഫീസായി നിശ്ചയിച്ചിരിക്കുന്നത്. കൂടുതല്‍ തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്കു മടക്കി നല്‍കണം. 2018-19 വര്‍ഷത്തില്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച 5.60 ലക്ഷം രൂപയാണ് ഈടാക്കാനാവുക.
കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 2017-18 വര്‍ഷം 4.85 ലക്ഷം രൂപയാണു വാര്‍ഷിക ഫീസ്. കോഴ്‌സ് മുഴുവനും ഈ ഫീസ് തുടരും. 2018-19 വര്‍ഷം ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച 5.60 ലക്ഷം രൂപയാണ് ഫീസ് ഈടാക്കാനാവുക. കോഴ്‌സ് മുഴുവനും ഈ ഫീസ് ഘടന തുടരും.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 2017-18 വര്‍ഷം 4.85 ലക്ഷം രൂപയും 2018-19 വര്‍ഷം 5.60 ലക്ഷം രൂപയും ഫീസ് ഈടാക്കാം. 2016-17 വര്‍ഷത്തില്‍ മൂന്നുലക്ഷം രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. കൂടുതല്‍ തുക ഫീസ് വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ 2017-18 വര്‍ഷം 4.85 ലക്ഷം രൂപയും 2018-19 വര്‍ഷം 5.60 ലക്ഷം രൂപയും ഫീസ് ഈടാക്കാം. തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍കോളജ് ആന്റ് റിസര്‍ച്ച് സെന്ററില്‍ 2017-18 വര്‍ഷം 4.85 ലക്ഷം രൂപയും 2018-19 വര്‍ഷം 5.60 ലക്ഷം രൂപയുമാണു നിശ്ചയിച്ച ഫീസ്.
Next Story

RELATED STORIES

Share it