Flash News

അഞ്ചു സുപ്രധാന കേസുകളില്‍ പത്ത് മുതല്‍ വാദം കേള്‍ക്കും



ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും  കേന്ദ്രവും തമ്മില്‍ നിലനില്‍ക്കുന്ന അധികാരത്തര്‍ക്കം, ദയാവധം എന്നിവ ഉള്‍പ്പെടെ അഞ്ചു കേസുകളില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ മാസം പത്ത് മുതല്‍ വാദം കേള്‍ക്കും. കേസ് പരിഗണിക്കുന്നതിനുള്ള ജഡ്ജിമാരുടെ ബെഞ്ചിനെ  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉടന്‍ പ്രഖ്യാപിക്കും. ഡല്‍ഹിയിലെ എഎപി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് ബെഞ്ചിനു മുമ്പിലുള്ള പ്രധാന കേസുകളിലൊന്ന്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം പരിഗണിച്ചാണ് ഈ കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടത്. കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയുടെ ഭരണചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്നും ലഫ്റ്റനന്റ് ഗവര്‍ണറുടെ അറിവോടെയല്ലാതെ സംസ്ഥാനത്തെ മന്ത്രിസഭയ്ക്കു സ്വന്തമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ലെന്നുമുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് എഎപി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 239ാം വകുപ്പ് പ്രകാരം ഡല്‍ഹി ഇപ്പോഴും കേന്ദ്ര ഭരണ പ്രദേശമാണെന്നും ഈ സാഹചര്യത്തില്‍ പോലിസ്, ഭൂമി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇടപെടല്‍ എന്നിവയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ലഫ്. ഗവര്‍ണര്‍ക്കായിരിക്കുമെന്നും കഴിഞ്ഞവര്‍ഷം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവാണ് എഎപി സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.കേന്ദ്രഭരണപ്രദേശവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രിംകോടതി ഇടപെടുന്നതു സംബന്ധിച്ചു വിശദീകരിക്കുന്ന ഭരണഘടനയുടെ 131 വകുപ്പിനു കീഴില്‍ ഈ കേസ് വരുമോ എന്നാണ് ഈ വിഷയത്തില്‍ ബെഞ്ച് പരിശോധിക്കുക.ഒന്നര പതിറ്റാണ്ട് നീണ്ട സംവാദങ്ങള്‍ക്ക് ഒടുവില്‍ ദയാവധം നിയമമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനിടെയാണ് ഇതുസംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിലെത്തിയത്. ദയാവധം നിയമമാക്കുന്നതു സംബന്ധിച്ച് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജി 2014 ഫെബ്രുവരി മുതല്‍ സുപ്രിംകോടതിയില്‍ തീരുമാനം കാത്തുകിടക്കുകയാണ്. മാരകരോഗം പിടിപെട്ട്, ഇനിയൊരിക്കലും ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോടു യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്നും കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. മൗലികാവകാശ ലംഘനമുണ്ടായാല്‍ അതു സ്ഥാപിച്ചെടുക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 32, സുപ്രിംകോടതി നടപടികള്‍ സംബന്ധിച്ച 136 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി റിപോര്‍ട്ട് തെളിവായി സ്വീകരിക്കുമോ എന്നതു സംബന്ധിച്ച തര്‍ക്കവും  ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിനുപുറമെ ജാര്‍ഖണ്ഡ് സര്‍ക്കാരും ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും തമ്മിലുള്ള കേസും നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട കേസും ബെഞ്ച് മുമ്പാകെ വരും.
Next Story

RELATED STORIES

Share it