അഞ്ചു വര്‍ഷത്തേക്ക് കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയില്ല: കെഎസ്ഇബി

കൊല്ലം: കേരളത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറ്ററുമായ എം ശിവശങ്കര്‍ പറഞ്ഞു. കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്‌സ് ഫെഡറേഷന്റെ 14ാം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കേരളത്തിലെ വൈദ്യുതി ഉല്‍പാദനം 2,600 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ജലവൈദ്യുത നിലയങ്ങളെയും 1,000 മെഗാവാട്ട് ശേഷിയുള്ള നാഫ്താ നിലയങ്ങളെയും ആശ്രയിച്ചുകൊണ്ടുള്ളതാണ്.
വൈദ്യുതിയുടെ ആവശ്യവും ലഭ്യതയും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ ഈ ഉല്‍പാദനംകൊണ്ട് സാധ്യമാവില്ല. 1,300 മെഗാവാട്ടിന്റെ കുറവാണ് കാണിക്കുന്നത്. ഇത് പരിഹരിക്കാനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നു. നിലവില്‍ 2018-19 കാലത്തേക്ക് വരെയുള്ള വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ട്. 4.09 രൂപ നിരക്കില്‍ ഈ വൈദ്യുതി ലഭ്യമാവും. അതിനാല്‍, 2020 വരെ വൈദ്യുതിക്ഷാമം ഉണ്ടാവാനുള്ള സാധ്യതയില്ല. അതിനുശേഷമുണ്ടാവുന്ന ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ കേരളം ഇരുട്ടിലാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇടുക്കി പദ്ധതിയെ മാറ്റിനിര്‍ത്തിയാല്‍ ശരാശരി 20 മെഗാവാട്ട് വൈദ്യുതിയാണ് വര്‍ഷം തോറും സ്ഥാപിതശേഷിയില്‍ ഉണ്ടാവുന്ന വര്‍ധനവ്. 2022ല്‍ ഏകദേശം 6,200 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം കേരളത്തിലുണ്ടാവും. അപ്പോള്‍ 2,600 മെഗാവാട്ടിന്റെ കുറവാണ് ഉല്‍പാദനരംഗത്തുണ്ടാവുക.
നിലവിലെ സ്ഥാപിതശേഷി വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണെങ്കില്‍ 130 വര്‍ഷംകൊണ്ട് മാത്രമേ കേരളത്തിന്റെ പ്രതിസന്ധി പരിഹരിക്കാനാവൂ. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് ഒരു സൂപ്പര്‍ തെര്‍മല്‍ നിലയം സ്ഥാപിക്കുക മാത്രമേ പോംവഴിയുള്ളൂ. നിലവില്‍ ഒഡീഷയിലെ വൈതരണിയില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കല്‍ക്കരിപ്പാടം നല്‍കാനുള്ള തീരുമാനമുണ്ട്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം കല്‍ക്കരിപ്പാടങ്ങളുടെ വീതിച്ചുനല്‍കല്‍ നടപടികള്‍ അടുത്തവര്‍ഷത്തോടെ അവസാനിക്കും. അതിനു മുമ്പ് ഈ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ വൈകിയാല്‍ നമുക്ക് അതും എന്നന്നേക്കുമായി നഷ്ടപ്പെടും. ആസന്നമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സോളാര്‍ പദ്ധതികള്‍കൊണ്ടു മാത്രം സാധ്യമല്ല. സോളാറില്‍നിന്നുള്ള വൈദ്യുതിയുടെ നിരക്കിലെ വര്‍ധനവ് തന്നെയാണ് അതിന് മുഖ്യ കാരണം.
പകല്‍ സമയങ്ങളില്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന ബാറ്ററിയില്ലാത്ത സോളാര്‍ പവറിന് വിലകുറയുമെങ്കിലും തിരക്കേറിയ (പീക് ലോഡ്) സമയങ്ങളില്‍ സംഭരണശേഷി സൗകര്യമുള്ള സോളാര്‍വൈദ്യുതിയുടെ വില താരതമ്യേന കൂടുതലായിരിക്കും. 60 ശതമാനത്തിലധികം വില നല്‍കാന്‍ നമ്മള്‍ തയ്യാറായാല്‍ മാത്രമേ അത്തരം വൈദ്യുതി ഉപയോഗിക്കാന്‍ കഴിയൂ. സോളാറിനെ പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു വൈദ്യുതി ഉല്‍പാദന കാഴ്ചപ്പാട് സാധ്യവുമല്ല.
ബാറ്ററി ചെലവ് കുറച്ചുകൊണ്ടുവരുന്നതുള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. അതിനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു. പാരിസ്ഥിതികമായ എതിര്‍പ്പ് ഉന്നയിച്ച് ആണവനിലയങ്ങളെ എതിര്‍ത്തവര്‍ ഇന്ന് കൂടംകുളത്തുനിന്നുള്ള വൈദ്യുതി കേരളത്തിനു ലഭ്യമാക്കാന്‍ വേണ്ടിയുള്ള മുറവിളി നടത്തിവരികയാണ്. ഈ വിചിത്രമായ കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. ഒരു സൂപ്പര്‍ തെര്‍മല്‍ നിലയം എവിടെ സ്ഥാപിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള രാഷ്ട്രീയ തീരുമാനമുണ്ടാവണം.
Next Story

RELATED STORIES

Share it