Kottayam Local

അഞ്ചു ലക്ഷം തുണി സഞ്ചി പ്രഖ്യാപനത്തിലൊതുങ്ങി

എരുമേലി: ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് പ്ലാസ്റ്റിക് കൂടുകള്‍ വാങ്ങി പകരം അഞ്ചു ലക്ഷം തുണിസഞ്ചികള്‍ നല്‍കുമെന്ന പ്രഖ്യാപനം എരുമേലിയില്‍ പാഴ്‌വാക്കായി. ആവശ്യമായത്രയും തുണിനിര്‍മിത സഞ്ചികള്‍ സൗജന്യമായി നല്‍കാന്‍ സ്‌പോണ്‍സര്‍മാര്‍ തയ്യാറാണെന്നിരിക്കെയാണ് പദ്ധതി പ്രഖ്യാപനത്തില്‍ മാത്രമൊതുക്കിയത്. ജില്ലാ ശുചിത്വ മിഷന്റെ പരാജയമാണ് പ്രഖ്യാപനം മാത്രമാവാന്‍ കാരണമെന്നാണ് ആക്ഷേപം. തീര്‍ത്ഥാടന മുന്നൊരുക്ക യോഗം എരുമേലിയില്‍ ചേര്‍ന്നപ്പോഴാണ് അഞ്ചു ലക്ഷം തുണിസഞ്ചികള്‍ വിതരണം ചെയ്യുമെന്ന് കലക്ടര്‍ പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹൃദ തീര്‍ത്ഥാടനം ലക്ഷ്യമിട്ട് ശബരിമല, പമ്പ, എന്നിവിടങ്ങളില്‍ എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ വഴിയും കുടുംബശ്രീ മുഖേനെയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഏതാനും വര്‍ഷങ്ങളായി വിജയകരമായി മുന്നേറുന്ന ഈ പദ്ധതി രണ്ട് വര്‍ഷം മുമ്പ് തീര്‍ഥാടനകാലത്ത് എരുമേലിയിലും തുടങ്ങിയിരുന്നു. ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പടെ പ്രമുഖ കമ്പനികളാണു പരസ്യം ഉള്‍പ്പെടുത്തി സൗജന്യമായി തുണിസഞ്ചികള്‍ നല്‍കിയിരുന്നത്. എരുമേലിയില്‍ നൈനാര്‍ ജുമാ മസ്ജിദ്, വലിയമ്പലം, നടപ്പന്തല്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കൗണ്ടറുകള്‍ തുണിസഞ്ചികളുടെ വിതരണത്തിനായി സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ പ്രഖ്യാപനമല്ലാതെ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ആക്ഷേപം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് സൗജന്യമായി തുണിസഞ്ചികള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നത്. എന്നാല്‍ ജില്ലാ ശുചിത്വമിഷനില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് പറയുന്നു. സന്നദ്ധ പ്രവര്‍ത്തകരും കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികളും കുടുംബശ്രീ വനിതകളും തീര്‍ത്ഥാടകരെ സമീപിച്ച് പ്ലാസ്റ്റിക്കുകള്‍ വാങ്ങി സംസ്‌കരണത്തിനായി ശേഖരിക്കുകയും തുണിസഞ്ചികള്‍ പകരം നല്‍കുകയും ചെയ്തിരുന്നത് ഫലപ്രദമായ ബോധവല്‍ക്കരണം കൂടിയായിരുന്നു. എരുമേലിക്കു പുറമേ കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍, പാലാ കടപ്പാട്ടൂര്‍, വൈക്കം എന്നിവിടങ്ങളിലും കൗണ്ടറുകള്‍ സ്ഥാപിച്ച് തുണിസഞ്ചികള്‍ നല്‍കിയിരുന്നു. ഇത്തവണ ഒരിടത്തും കൗണ്ടറുകള്‍ തുറക്കാതെ പ്രഖ്യാപനം മാത്രമായെന്നാണ് ആക്ഷേപം. എരുമേലിയിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ശുചിത്വമിഷന്റെ ഇടപെടലില്ലെന്നും പരാതിയുണ്ട്. തീര്‍ഥാടനകാലത്തിന്റെ തുടക്കത്തില്‍ സജീവമായിരുന്ന ശുചിത്വമിഷന്റെ സാന്നിധ്യം ഇപ്പോള്‍ പേരിനു പോലുമില്ലാത്ത സ്ഥിതിയിലാണ്.
Next Story

RELATED STORIES

Share it