Alappuzha local

അഞ്ചു മീറ്ററിലധികം നദിയെടുത്തു; മൂന്നു വീടുകള്‍ അപകടത്തില്‍

ഹരിപ്പാട്: വീയപുരം സര്‍ക്കാര്‍ തടി ഡിപ്പോയുടെ കിഴക്കേ കരയിലുള്ള ഭൂമിയാണ് വന്‍തോതില്‍  നദിയെടുത്തത്. ക്രമാതീതമായി കരപ്രദേശം ഇടിഞ്ഞു താഴ്ന്നതോടെ സമീപത്തെ മൂന്നു വീടുകളാണ് അപകട ഭീഷണി നേരിടുന്നത്.  അബ്ദുല്‍ മജീദ് നന്നങ്കേരില്‍, അബ്ദുല്‍ മജീദ് ചക്കാലയില്‍ ഷമീര്‍ തോപ്പില്‍ എന്നിവരുടെ വീടുകളാണ്  അപകട ഭീഷണി നേരിടുന്നത്.
മുമ്പ് ശക്തമായി മണലെടുപ്പ് നടന്നിരുന്നതിനാലും കാലവര്‍ഷത്തില്‍  ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെട്ടതിനാലും കിഴക്കേ കരയിലുള്ള ഡിപ്പോ പുരയിടത്തിന്റെ  നല്ലൊരു  ശതമാനവും  നദിയെടുത്തു. സമീപത്തെ വീടും നദിയും തമ്മില്‍ 25 മീറ്ററിലധികം അകലമുണ്ടായിരുന്നിടത്ത് ഇന്ന് പത്ത് മീറ്റര്‍ പോലുമില്ല . കരഭൂമിയായി കിടക്കുന്നിടമാകട്ടെ  മണ്ണ് ഒലിച്ചു പോയി തോടായി രൂപാന്തരപ്പെട്ടു കിടക്കുകയാണ്. ഇതാണ് വീടുകള്‍ക്ക് ബലക്ഷയം  സംഭവിക്കാന്‍ കാരണം.  വില കുടിയ തേക്ക്   മരങ്ങള്‍ക്കൊപ്പം നിരവധി കായ്ഫലമുള്ള തെങ്ങുകള്‍, മാവ് ,പാല തുടങ്ങി ഒട്ടനവധി വൃക്ഷങ്ങള്‍ സമീപകാലത്തായി കടപുഴകി ദ്രവിച്ചു നശിച്ചിരുന്നു.
എന്നാല്‍ കടപുഴകിയ മരങ്ങള്‍ ലേലം ചെയ്യുന്നതിന് പോലും അധികൃതര്‍ തയ്യാറായിരുന്നില്ല. പുരയിടത്തിന്റെ കിഴക്കേയറ്റത്ത് മുള വെച്ച് പിടിപ്പിച്ചത് കൊണ്ട് കുറഞ്ഞ ഭാഗം ഇടിഞ്ഞു  താഴുന്നതില്‍ നിന്നും രക്ഷപെട്ടു.പമ്പ- അച്ചന്‍കോവില്‍ നദികളുടെ സംഗമസ്ഥാനമായതുകൊണ്ട് ഒഴുക്ക് ശക്തമായി പതിക്കുന്ന സ്ഥലമാണിത്. ഭൂമിയുടെ അടിഭാഗത്ത്  ഒഴുക്ക് തട്ടുന്നതിനനുസരിച്ച് കര ഇടിയുകയാണ്. പതിനാലര ഏക്കര്‍ ഭൂമിയുണ്ടായിരുന്ന സര്‍ക്കാര്‍ തടിഡിപ്പോക്ക് മതിയായ സംരക്ഷണം നല്‍കാത്തതിനാല്‍ രണ്ട് കരയിലുമായി മൂന്ന്് ഏക്കറിലധികമാണ് നഷ്ടമായത്. തീരത്ത് സംരക്ഷണ ഭിത്തി  കെട്ടണമെന്ന  ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിന്റെ പഴക്കമാണുള്ളത്.
എന്നാല്‍ നാളിത് വരെ വനം വകുപ്പോ ജലസേചന വകപ്പോ നടപടി സ്വീകരിച്ചിട്ടില്ല. ഡിപ്പോ പുരയിടത്തിന്റെ നദീതീരത്തോട് ചേര്‍ന്നു കിടക്കുന്ന ഭാഗം കല്ലുകെട്ടുന്നതിനായി രണ്ട് തവണ എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല . വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിപ്പോയില്‍ എക്കോ ടൂറിസം പദ്ധതിക്ക് ശ്രമം നടത്തിയെങ്കിലും പദ്ധതി വിജയിച്ചില്ല. പ്രദേശത്ത് അടിയന്തിരമായി കല്ല് കെട്ടി സംരക്ഷിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ പ്രദേശത്തെ വീട്ടുകളുടെ ഗതി ദുര്‍ഗതിയാകും. വകുപ്പു തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Next Story

RELATED STORIES

Share it