അഞ്ചു മന്ത്രിസ്ഥാനവും പുതിയ വകുപ്പും ചോദിച്ച് സിപിഐ

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഐ. അഞ്ചു മന്ത്രിസ്ഥാനങ്ങളും പുതിയ വകുപ്പുമാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എംഎല്‍എമാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അഞ്ചാമതൊരു മന്ത്രിസ്ഥാനത്തിന് കൂടി അര്‍ഹതയുണ്ടെന്ന് സിപിഐ അവകാശപ്പെടുന്നു. മന്ത്രിസഭാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ഇന്ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കും.
2011ല്‍ 13 എംഎല്‍എമാരാണ് സിപിഐക്കുണ്ടായിരുന്നത്. ഇത്തവണ എംഎല്‍എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നു. 1980നുശേഷം പാര്‍ട്ടിക്കുണ്ടാവുന്നഏറ്റവും വലിയ വിജയമാണിതെന്നും സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സിറ്റിങ് എംഎല്‍എമാരില്‍ 13ല്‍ 12 പേരും വിജയിച്ചു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു മന്ത്രിസ്ഥാനംകൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സിപിഐയുടേത്. എന്നാല്‍, നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാനേ കഴിയൂ എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. മുഖ്യമന്ത്രിയായി പ്രഖ്യാപനമുണ്ടായശേഷം പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിമാരുടെ എണ്ണത്തില്‍ വര്‍ധന വേണ്ടെന്ന് ധാരണയിലെത്തിയിരുന്നു.
കഴിഞ്ഞ വിഎസ് മന്ത്രിസഭയില്‍ 19 മന്ത്രിമാരാണുണ്ടായിരുന്നത്. ഇത്തവണയും ഇതില്‍ വര്‍ധന വേണ്ടെന്നും കഴിയുമെങ്കില്‍ ഒരു മന്ത്രിയെ എങ്കിലും കുറയ്ക്കാനാവുമോ എന്നുമാണ് സിപിഎം ആലോചിക്കുന്നത്. എല്ലാ ഘടകകക്ഷികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തില്‍ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷ.
എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്ക് മാത്രം മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. ഇന്നത്തെ യോഗത്തിലായിരിക്കും ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുക. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന കാര്യത്തിലും ധാരണയായി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ മുല്ലക്കര രത്‌നാകരന്‍ (കൃഷി), കെ പി രാജേന്ദ്രന്‍ (റവന്യു), ബിനോയ് വിശ്വം (വനം, ഭവനനിര്‍മാണം), സി ദിവാകരന്‍ (ഭക്ഷ്യ സിവില്‍സപ്ലൈസ്, മൃഗസംരക്ഷണം) എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. വനംവകുപ്പ് ഒഴിവാക്കി വേറെ ഏതെങ്കിലും പ്രധാന വകുപ്പ് തരണമെന്നാണ് സിപിഐയുടെ ആവശ്യം. വിഎസ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ്സും ആര്‍എസ്പിയും കൈവശംവച്ചിരുന്ന ജലസേചനം, പൊതുമരാമത്ത് വകുപ്പുകളാണ് സിപിഐ നോട്ടമിടുന്നത്. എട്ടു പേരുകളാണ് അവസാന റൗണ്ടില്‍ മന്ത്രിമാരായി സിപിഐ പരിഗണിക്കുന്നത്. ഇ ചന്ദ്രശേഖരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം ഇന്നലെ ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തിലുയര്‍ന്നു. വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, ഇ എസ് ബിജിമോള്‍, കെ രാജു, മുന്‍മന്ത്രിമാരായ സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, നവാഗതനായ മുഹമ്മദ് മുഹ്‌സിന്‍ എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. ഇവരില്‍ ഒരാള്‍ക്കുതന്നെ ഡെപ്യൂട്ടി സ്പീക്കറായും നറുക്കുവീഴും. നാളെ ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങളിലായിരിക്കും മന്ത്രിമാരെ സംബന്ധിച്ച അന്തിമതീരുമാനമുണ്ടാവുക.
ഇന്നു രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സിപിഎമ്മിന്റെ മന്ത്രിമാരെ തീരുമാനിക്കും. ഇ പി ജയരാജന്‍, എ കെ ബാലന്‍, ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എസ് ശര്‍മ, എം എം മണി അല്ലെങ്കില്‍ സി കെ ശശീന്ദ്രന്‍, ജി സുധാകരന്‍, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍ അല്ലെങ്കില്‍ എം സ്വരാജ്, എ സി മൊയ്തീന്‍, വി കെ സി മമ്മദ്‌കോയ എന്നിവരാണ് സാധ്യതാപട്ടികയിലെ പ്രമുഖര്‍.
സിപിഎം സ്വതന്ത്രനായ കെ ടി ജലീലിന് മന്ത്രിസ്ഥാനമോ സ്പീക്കര്‍ പദവിയോ ലഭിച്ചേക്കും. കോണ്‍ഗ്രസ് എസ് പ്രതിനിധി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം ഉറപ്പാണ്. ജനതാദള്‍ എസിനും എന്‍സിപിക്കും ഓരോ മന്ത്രിസ്ഥാനംവീതം. അതേസമയം, പാര്‍ട്ടിയുടെ മന്ത്രിയെ നിശ്ചയിക്കാനായി ചേര്‍ന്ന എന്‍സിപി നേതൃയോഗത്തില്‍ തീരുമാനമെടുക്കാനായില്ല. എ കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിപദത്തിനായി രംഗത്തെത്തിയതോടെയാണ് യോഗം തീരുമാനമാവാതെ പിരിഞ്ഞത്. നാളെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it