World

അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തല്‍ അര മണിക്കൂറില്‍ ലംഘിക്കപ്പെട്ടു

ദമസ്‌കസ്: സിറിയന്‍ സൈന്യം വ്യോമാക്രമണം തുടരുന്ന കിഴക്കന്‍ ഗൂത്തയില്‍ അഞ്ചുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒരു മണിക്കൂര്‍ പോലും നീണ്ടുനിന്നില്ല. അരമണിക്കൂര്‍ മാത്രമാണ് വെടിനിര്‍ത്തല്‍ നീണ്ടുനിന്നതെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഗൂത്തയിലെ പ്രധാന നഗരമായ ദൗമയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഹറസ്ത നഗരത്തിലും സിറിയന്‍ സൈന്യം ആക്രമണം നടത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ആദം അറിയിച്ചു. ഫെബ്രുവരി 18 മുതല്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടക്കുന്ന കിഴക്കന്‍ ഗൂത്തയില്‍ നിന്നു സിവിലിയന്‍മാര്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കാനും പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റാനുമായിരുന്നു അഞ്ചുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, 9.30നു തന്നെ സിറിയന്‍ സൈന്യം ദൗമയില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. അതേസമയം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടു റഷ്യ യാതൊരു ഉറപ്പും നല്‍കിയിരുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം നടത്താന്‍ സംഘടനകളെ നിയോഗിച്ചിരുന്നില്ലെന്നും റിപോര്‍ട്ടുണ്ട്.
ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന റഷ്യ സമാധാന ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നു തങ്ങള്‍ക്കു വിശ്വാസമില്ലെന്നും പ്രഖ്യാപനം പ്രഹസനം മാത്രമാണെന്നും സിവിലിയന്‍മാര്‍ അഭിപ്രായപ്പെട്ടു.  എട്ടു ദിവസം തുടര്‍ച്ചയായി നടന്ന ആക്രമണത്തില്‍ 550ല്‍ അധികം സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിനു യുഎന്‍ രക്ഷാസമിതി ശനിയാഴ്ച ആഹ്വാനം ചെയ്തിരുന്നെങ്കിലും ആക്രമണം തുടരുകയാണ്.
Next Story

RELATED STORIES

Share it