malappuram local

അഞ്ചുവര്‍ഷമായിട്ടും പെന്നാനി ഫിഷിങ് ഹാര്‍ബര്‍ ഉപയോഗശൂന്യം; നിര്‍മാണം അശാസ്ത്രീയമെന്ന് മല്‍സ്യത്തൊഴിലാളികള്‍

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: നാടിന്റെ ചിരകാല സ്വപ്‌നമായ പൊന്നാനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമായിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയായെങ്കിലും ഉപയോഗ ശൂന്യമായി കിടക്കുന്നു. വന്‍വികസനക്കാഴ്ചകളുടെ പൊള്ളത്തരങ്ങളിലൊന്നാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഈ ഹാര്‍ബര്‍.
ഇതുവരെ ഈ ഹാര്‍ബറില്‍ ബോട്ടുകള്‍ അടുക്കുകയോ മല്‍സ്യം ഇറക്കുകയോ ലേലം നടക്കുകയോ ചെയ്തിട്ടില്ല. ഹാര്‍ബര്‍ അശാസ്ത്രീയമായാണ് നിര്‍മിച്ചതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. 36 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയില്‍ ഇത് നിര്‍മിച്ചത്.
മല്‍സ്യത്തൊഴിലാളികള്‍ കൈയൊഴിഞ്ഞ ഈ ഹാര്‍ബറില്‍ ഫലപ്രദമായ പരിഹാര നടപടികള്‍ കൊണ്ടുവരാന്‍ സര്‍ക്കാറിനോ അതിന് വേണ്ട സമര്‍ദ്ധം ചെലുത്താന്‍ നിലവിലെ ഇടത് എംഎല്‍എക്കോ കഴിഞ്ഞിട്ടില്ല. അഴിമുഖത്ത് നിന്ന് പുതിയ ഹാര്‍ബറിന്റെ ജെട്ടിയിലേക്കുള്ള പുഴയുടെ ഭാഗത്ത് ആഴക്കുറവും, വ്യാപകമായി മണല്‍ തിട്ടയുമുണ്ടെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ ആക്ഷേപമായി ഉന്നയിക്കുന്ന പ്രധാന കാര്യം. ഇത് അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മല്‍സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ജെട്ടിയുടെ ഘടനയും ദിശയും ശരിയല്ലെന്നാണ് മറ്റൊരു പരാതി.
പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിന് സമാന്തരമായി ജെട്ടി നിര്‍മിച്ചിരിക്കുന്നതിനാല്‍ നങ്കൂരമിടുന്ന ബോട്ടുകള്‍ പരസ്പരം കൂട്ടിയിടിച്ച് തകരാന്‍ കാരണമാവുമെന്നാണ് ആക്ഷേപങ്ങളില്‍ മറ്റൊന്ന്.
ജെട്ടിയുടെ കോണ്‍ക്രീറ്റ് സ്ലാബില്‍ ബോട്ട് ഇടിച്ചാലുണ്ടാവുന്ന കേടുപാടുകള്‍ ഒഴിവാക്കാന്‍ തെങ്ങിന്‍ മുട്ടിയും റബര്‍ ചിളുകളും പിന്നീട് ചേര്‍ത്ത് സംരക്ഷണ കവചം ഒരുക്കിയെങ്കിലും മല്‍സ്യത്തൊഴിലാളികള്‍ ഈ തുറമുഖത്തെ കൈയൊഴിയുകയാണ്. നിലവില്‍ ബോട്ടുകള്‍ നങ്കൂരമിടുകയും മല്‍സ്യ ലേലം നടത്തുകയും ചെയ്യുന്ന സ്ഥലം പുതിയ വാണിജ്യ തുറമുഖ നിര്‍മാണത്തിന് വിട്ടുകൊടുത്തതാണ്. ഇവിടുത്തെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മീന്‍ ചാപ്പകള്‍ക്ക് പകരം പുതിയവ നിര്‍മിച്ച് തുടങ്ങിയിരുന്നു. പക്ഷേ, കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ഫിഷിങ് ഹാര്‍ബറിന്റെ പല ഭാഗങ്ങളും അടര്‍ന്നുവീഴാന്‍ തുടങ്ങിയിട്ടുണ്ട്.
നിര്‍മാണത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉപ്പ് കലര്‍ന്ന മണല്‍ ഉപയോഗിച്ചാണ് തുറമുഖം നിര്‍മിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പക്ഷേ, കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ ഒന്നുമുണ്ടായില്ല.
Next Story

RELATED STORIES

Share it