palakkad local

അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ സ്ഥാപിച്ചത് ഒമ്പത് ആയുര്‍വേദ ആശുപത്രികള്‍

പാലക്കാട്: ഭാരതീയ ചികില്‍സാവകുപ്പിന് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ ആയുര്‍വേദ ചികില്‍സാ രംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഈ കാലഘട്ടത്തില്‍ ജില്ലയില്‍ ഒമ്പത് ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇതിലേക്കായി 11 മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ 41 ജീവനക്കാരുടെ അധിക തസ്തിക സൃഷ്ടിച്ചു.
തരൂരിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി 30 കിടക്കകളുള്ള ആശുപത്രിയാക്കി അപ്‌ഗ്രേഡ് ചെയ്തു. ഒമ്പത് ജീവനക്കാരുടെ തസ്തികയും സ്യഷ്ടിച്ചു. 2012-13 വര്‍ഷത്തില്‍ തച്ചമ്പാറ, തൃത്താല , വടകരപ്പതി , കുമരംപുത്തൂര്‍ എന്നിവിടങ്ങളിലായാണ് നാല് ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ തുടങ്ങിയത്. ഇതിലേക്കായി നാല് മെഡിക്കല്‍ ഓഫിസര്‍ വീതം 16 ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുകയും ചെയ്തു.
2013-14 വര്‍ഷത്തില്‍ എരുമയൂര്‍, എരുത്തേമ്പതി, മണ്ണാര്‍ക്കാട്, ആനക്കര , വടവന്നൂര്‍ എന്നിവിടങ്ങളിലായി അഞ്ച് ഡിസ്‌പെന്‍സറികളും തുടങ്ങി. ഇവിടെ അഞ്ച് മെഡിക്കല്‍ ഓഫിസര്‍ വീതം 25 അധിക തസ്തികയും സൃഷ്ടിച്ചു. ചളവറ ഗവ. ആശുപത്രിക്കുവേണ്ടി കെ എസ് സലീഖ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിച്ചു. ഒറ്റപ്പാലത്തെ ആയുര്‍വേദ സെന്ററിനായി 1 കോടി രൂപ എം ഹംസ എംഎല്‍എയും അനുവദിച്ചു. അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യ പരിപാലനത്തിനായി ക്ഷേമ ജനനി പദ്ധതി നടപ്പിലാക്കി.
കൊടുവായൂരിലെ വൃദ്ധ സദനത്തിലെ അന്തേവാസികളുടെ ആരോഗ്യ പരിപാലനത്തിനായി വയോ അമൃതം പദ്ധതി നടപ്പിലാക്കി. ജില്ലാ ആയുര്‍വദ ആശുപത്രിയില്‍ പ്രകൃതി ചികില്‍സയും, യോഗ ക്ലാസ്സും നടത്തുന്നതിന് ബിഎന്‍വൈഎസ് ഡോക്ടറെ നിയമിച്ചു. 45 ലക്ഷം രൂപ വിനിയോഗിച്ച് സ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ പരിപാലനത്തിന് ബാലമുകുളം പദ്ധതി നടപ്പിലാക്കി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 50000 രൂപ ചിലവാക്കി പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി, തത്തമംഗലം, തെങ്കര ഗവ.ഡിസ്‌പെന്‍സറി എന്നിവിടങ്ങളില്‍ പഞ്ചകര്‍മ്മ യൂനിറ്റുകള്‍ തുടങ്ങി, ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെയും , നവജാത ശിശുക്കളുടെയും ആരോഗ്യ പരിപാലനത്തിനായി 15 ലക്ഷം രൂപ ചിലവഴിച്ച് പദ്ധതി നടപ്പിലാക്കി. ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് 2013-14 വര്‍ഷത്തില്‍ 25 ലക്ഷം രൂപയും 2014-16 വര്‍ഷങ്ങളില്‍ 35 ലക്ഷം രൂപയും ചെലവിടുകയും ചെയ്തു.
Next Story

RELATED STORIES

Share it