അഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി

തൃശൂര്‍: അഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍നിന്നു ക്രൈംബ്രാഞ്ച് പോലിസ് കണ്ടെടുത്തു. ഒല്ലൂക്കര സ്വദേശി കൊച്ചുവീട്ടില്‍ സജി ജോബി(44)ന്റെ അസ്ഥികൂടമാണ് കിഴക്കേ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്‌ഷോപ്പ് കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കില്‍നിന്നും കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം കണ്ടെത്തിയ കൊന്ത സജി ധരിച്ചിരുന്നതാണെന്നു സഹോദരി ഡെയ്‌സി വര്‍ഗീസ് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. പണം പലിശയ്ക്കു കൊടുക്കലും സ്വര്‍ണ ബിസിനസുമാണ് സജി നടത്തിയിരുന്നത്. വര്‍ക്‌ഷോപ്പ് ഉടമയും സജിയുടെ സുഹൃത്തുമായ ദിലീപിന് സജി നേരത്തേ പണം കടം കൊടുത്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ ദിലീപ് സജിയെ കൊലപ്പെടുത്തിയെന്നാണു പോലിസ് നിഗമനം.

2010 ഓഗസ്റ്റ് 29മുതലാണ് സജിയെ കാണാതായത്.  തുടര്‍ന്ന് സജിയെ കാണാതായ പരാതിയില്‍ മണ്ണുത്തി പോലിസ് അന്വേഷിച്ച കേസ് തെളിവില്ലാതെ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് സജിയുടെ ഭാര്യ പുഷ്പയുടെ പരാതിയനുസരിച്ച് സര്‍ക്കാര്‍ 2012ല്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. തൃശൂര്‍ ക്രൈംബ്രാഞ്ചിലെ സിഐ വി കെ രാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ദിലീപിനെ ചോദ്യംചെയ്തതില്‍ താ ന്‍ 5.30നു വര്‍ക്‌ഷോപ്പില്‍വച്ച് സജിയുമായി സംസാരിച്ചു പിരിഞ്ഞതായി ദിലീപ് മണ്ണുത്തി പോലിസിനു മൊഴിനല്‍കി.തുടര്‍ന്നാണ് വര്‍ക്‌ഷോപ്പ് ഇരിക്കുന്ന സ്ഥലം ഇളക്കിമറിച്ചു പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. തൃശൂര്‍ തഹസില്‍ദാര്‍ ശ്രീനിവാസന്‍, മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ദര്‍, പൊലിസ് സൈന്റിഫിക് വിഭാഗം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കി പരിശോധന നടത്തിയപ്പോഴാണ്  തലയോട്ടിയും ശരീരത്തിലെ എല്ലുകളും കണ്ടെത്തിയത്. രണ്ടു ചാക്കുകളും കണ്ടെത്തി. ചാക്കില്‍ കെട്ടിയാവും മൃതദേഹം ടാങ്കിലിട്ടതെന്നാണു സംശയം.

കൊന്തക്ക് പുറമെ സജിയുടെതെന്ന് സംശയിക്കുന്ന ഷര്‍ട്ടും കിട്ടിയിട്ടുണ്ട്.   ഷര്‍ട്ട് ടൈലര്‍ തി രിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. അസ്ഥികൂടം സജിയുടേതാണോയെന്നു ബോധ്യമായിട്ടുണ്ടെങ്കിലും ശാസ്ത്രീയപരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഡിഎന്‍എ പരിശോധനയും തലയോട്ടിയുടെ സൂപ്പര്‍ ഇംപോസിഷനും നടത്തും. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബല്‍റാം, ഡോ. രോഹിത്, ഡോ. ഡിമി രാജ് എന്നിവരും തഹസില്‍ദാരുടെ സാന്നിധ്യത്തില്‍  പോസ്റ്റ്‌മോര്‍ട്ടനടപടികള്‍ സ്വീകരിച്ചു. നാലുവര്‍ഷമായി ദുബയിലുള്ള ദിലീപിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് പോലിസ് പറഞ്ഞു. പുഷ്പയാണ് സജിയുടെ ഭാര്യ. ഡിയ സജി, സാന്ദ്ര സജി, ഡാനിയ സജി എന്നിവരാണു മക്കള്‍.
Next Story

RELATED STORIES

Share it