Pathanamthitta local

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലെന്ന്



പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി അയിരൂര്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പെണ്‍കുട്ടി പീഡനത്തിനു വിധേയയായതിനേ തുടര്‍ന്ന് കോയിപ്രം പോലിസ് കഴിഞ്ഞ സപ്തംബര്‍ 14നാണ് കേസെടുത്തത്. കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്താന്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ച നിലപാടും വിവാദമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റുകള്‍ പരിശോധനയ്ക്കു തയ്യാറാവാതെ വന്നതിനേ തുടര്‍ന്ന് പോലീസും ബന്ധുക്കളും വെവേറെ പരാതികള്‍ നല്‍കിയിരുന്നു. ഡോക്ടര്‍ക്കെതിരേ കേസെടുക്കാന്‍ പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) സപ്തംബര്‍ 22ന് ഉത്തരവിട്ടിട്ടും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ ഇതേവരെ കേസെടുത്തിട്ടില്ലെന്ന് മെംബര്‍മാര്‍ ചൂണ്ടിക്കാട്ടി. ബന്ധുക്കളുടെയും പഞ്ചായത്തംഗങ്ങളുടെയും പരാതിയില്‍ ഡിഎംഒ അന്വേഷണം നടത്തി ഡോക്ടര്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല. പ്രതിയെ സഹായിക്കാന്‍ ഉന്നതതല ഇടപെടലുകളുണ്ടായി. അറസ്റ്റ് വൈകിപ്പിക്കാന്‍ ശ്രമം നടന്നതിനേ തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയത്. പ്രത്യേകസംഘത്തെ എസ്പി നിയോഗിച്ചതിനു പിന്നാലെയാണ് പ്രതിയായ റെജി കെ തോമസ് സിഐ ഓഫിസില്‍ കീഴടങ്ങിയത്. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരേ നിയമപരമായ നടപടിയെടുത്തിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പോലിസ് തയ്യാറായിട്ടില്ലെന്ന് ദുരൂഹത വര്‍ധിപ്പിക്കുന്നു. കുട്ടിയുടെ ബന്ധുക്കളോടൊപ്പം കേസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച പഞ്ചായത്തംഗം സുരേഷ്്് കുഴിവേലിയെ പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയമായ ഇടപെടലുകളുണ്ടായി. അയിരൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം സുരേഷിനെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും ഇതിന്റെ ഭാഗമാണ്. ഭരണകക്ഷിയായ സിപിഎമ്മിന്റെ ഇടപെടല്‍ ഈ വിഷയത്തിലുണ്ടായിട്ടുണ്ടെന്ന് മെംബര്‍മാര്‍ ആരോപിച്ചു. സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ചു വിജയിച്ച സുരേഷ് കുഴിവേലിയെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ്് ചെയ്തതിനു പിന്നാലെ അദ്ദേഹത്തിനെതിരേ കരുനീക്കങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ഇവര്‍ കുറ്റപ്പെടുത്തി. സുരേഷ് കുഴിവേലില്‍, ആനന്ദക്കുട്ടന്‍, പ്രദീപ് അയിരൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it