malappuram local

അഞ്ചുകിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയില്‍

തിരൂരങ്ങാടി: അഞ്ച് കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ തിരൂരങ്ങാടി പോലിസ് ഇന്‍സ്‌പെക്ടര്‍ ഇ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ നല്ലൂര്‍ പ്രസാദ് നിവാസിലെ പ്രജീഷ് (24), കളത്തില്‍തൊടി അഫ്‌സല്‍(24), രാമനാട്ടുകരയിലെ  സജീഷ് എന്ന സല്‍മാന്‍(23) എന്നിവരെയാണു പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ തലപ്പാറ ചെമ്മാട് റോഡില്‍ വച്ചാണു പ്രതികളെ പിടികൂടിയത്. ഇവര്‍ കഞ്ചാവ് കടത്താനുപയോഗിച്ച ഇന്‍സുലേറ്റര്‍ ലോറിയും പിടിച്ചെടുത്തു. തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ചെറുതും വലുതുമായ കച്ചവടക്കാരെ ഒരു മാസമായി പ്രത്യേകം നിരീക്ഷിച്ചുവരികയായിരുന്നു.
തുടര്‍ന്നാണ് മൊത്ത വിതരണക്കാരായ ഇവരെക്കുറിച്ചു വിവരം ലഭിക്കുന്നത്. പിടിയിലായ പ്രജീഷ് 2016ല്‍ അഞ്ചു കിലോ കഞ്ചാവുമായി ഫറോക്ക് പോലിസ് പിടികൂടി എട്ടു മാസം മുമ്പാണു ജാമ്യത്തിലിറങ്ങിയത്. ഇവര്‍ കഞ്ചാവ് കടത്തുന്നതിനായി ലോറിയില്‍ പ്രത്യേക അറകള്‍ നിര്‍മിച്ചതായി കണ്ടെത്തയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കമ്പം, തേനി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുള്ളതായി പോലിസ് പറഞ്ഞു. ഇവരെ നിരീക്ഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മൂന്നുദിവസം മുമ്പു പത്ത് കിലോ കഞ്ചാവുമായി മൂന്നു പാലക്കാട് സ്വദേശികളെ പിടികൂടിയിരുന്നു. ഇതോടെ രണ്ടു മാസത്തിനുള്ളില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം ജില്ലയില്‍നിന്നു പിടികൂടിയ പ്രതികളുടെ എണ്ണം 24 ആയി.
പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിലെ എസ്‌സി പിഒ ഷൈലേഷിന്റെ സഹായത്തോടെ മലപ്പുറം ഡിവൈഎസ്പി  ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ഇ സുനില്‍ കുമാര്‍,തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയില്‍, എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, കെ അബ്ദുല്‍ അസീസ്, പി സഞ്ജീവ് ഉണ്ണികൃഷ്ണന്‍ മാരാത്ത്, മുഹമ്മദ് സലീം, എഎസ്‌ഐ മാരായ മനോജ് കുമാര്‍,വിജയന്‍,എസ്‌സിപിഒ സുരേശന്‍, സിപിഒ അനില്‍ എന്നിവരാണു പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it