Pathanamthitta local

അഞ്ചും ഉറപ്പിച്ച് യുഡിഎഫും എല്‍ഡിഎഫും; അടിയൊഴുക്കില്‍ പ്രതീക്ഷ

പത്തനംതിട്ട: നിര്‍ണായകമായ ജനവിധിക്ക് മൂന്നുനാള്‍ കൂടി അവശേഷിക്കേ, പ്രമുഖ മുന്നണികളുടെ ജില്ലാ അമരക്കാര്‍ക്ക് ആത്മവിശ്വാസത്തിന് ഒട്ടുംകുറവില്ല. അവസാനവട്ട അടിയൊഴുക്കുകളുടെ ആനൂകൂല്യം തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. അഞ്ചിടത്തും ചരിത്രവിജയം ഉറപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും മുന്നോട്ടുപോവുമ്പോള്‍, ആറന്മുളയിലും റാന്നിയിലും അത്ഭുതം സൃഷ്ടിക്കുമെന്നതാണ് എന്‍ഡിഎയുടെ അവകാശവാദം.
പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനഹിതം 2016 പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് മുന്നണി നേതാക്കള്‍ പ്രതീക്ഷകള്‍ പങ്കുവച്ചത്. കെപിസിസി സെക്രട്ടറി പഴകുളം മധു, സിപിഎം സംസ്ഥാന സമിതി അംഗം കെ അനന്തഗോപന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്നിവര്‍ പങ്കെടുത്തു.
കോന്നിയില്‍ റെക്കോഡ് ഭൂരിപക്ഷം അവകാശപ്പെടുന്ന യുഡിഎഫിന് ആറന്മുളയിലും ഭൂരിപക്ഷം കൂടുമെന്നതില്‍ സംശയമില്ല. റാന്നിയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ സാധ്യത കാണുന്ന പഴകുളം മധു, ഇവിടെ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ രണ്ടാംസ്ഥാനത്തിനു വേണ്ടി മല്‍സരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. റാന്നിയില്‍ ആര്‍എസ്എസ് വോട്ടുകള്‍ വിലയ്‌ക്കെടുത്താണ് ഇതുവരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചുവന്നത്. ഇക്കുറി ആ വോട്ടുകള്‍ ലഭിക്കില്ല. ആറന്മുളയില്‍ ബിജെപിക്ക് വോട്ടുകുറയുമെന്നും മധു കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ യുഡിഎഫും എന്‍ഡിഎയും തമ്മിലുള്ള രഹസ്യധാരണയുടെ പ്രതിഫലനമാണ് പഴകുളം മധുവിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കെ അനന്തഗോപന്‍ പറഞ്ഞു.
2011 മുതല്‍ 2015 വരെയുണ്ടായ വോട്ടുവര്‍ധനയിലാണ് ബിജെപിയുടെ പ്രതീക്ഷ. ഇതില്‍ രണ്ടുകൂട്ടരുടെയും വോട്ടുകളുണ്ടെന്ന് അശോകന്‍ കുളനട പറഞ്ഞു. ബിഡിജെഎസുമായുള്ള സഖ്യം കൂടിയാകുമ്പോള്‍, ആറന്മുള, റാന്നി മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിഡിജെഎസ്-ബിജെപി സഖ്യം എല്‍ഡിഎഫിന് യാതൊരു കോട്ടവും വരുത്തില്ലെന്ന് അനന്തഗോപന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തിന്റെ ക്ഷീണം യുഡിഎഫിനാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടികാട്ടി. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകളില്‍ യാതൊരുവിള്ളലും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് പഴകുളം മധു പറഞ്ഞു. ചര്‍ച്ചയില്‍ പ്രസക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ മോഡറേറ്ററായിരുന്നു. സെക്രട്ടറി ഏബ്രഹാം തടിയൂര്‍ സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it