അഞ്ചിലൊന്ന് സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസ് പ്രതികള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ മല്‍സരിക്കുന്നവരില്‍ അഞ്ചിലൊന്നും ക്രിമിനല്‍ കേസ് പ്രതികള്‍. രണ്ട് ദിവസങ്ങളിലാണ് സംസ്ഥാനത്തെ ആദ്യ ഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ നാലിനും 11നും. 296 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 58 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. 23 കോടീശ്വരന്‍മാരുമുണ്ട്.
നാലിന് മല്‍സരിക്കുന്ന 133 പേരില്‍ മൂന്ന് പേര്‍ മാത്രമാണ് കോടീശ്വരന്‍മാര്‍. എന്നാല്‍ 21 സ്ഥാനാര്‍ഥികള്‍ കൊലപാതകം, കൊലപാതക ശ്രമം, ബലാല്‍സംഗം തുടങ്ങിയ കേസുകളില്‍ പ്രതികളാണെന്ന് വെസ്റ്റ്ബംഗാള്‍ ഇലക്ഷന്‍ വാച്ചിന്റെ റിപോര്‍ട്ടില്‍ പറയുന്നു. മൂന്ന് ക്രിമിനല്‍ കേസ് പ്രതികളെ ബിജെപിയും രണ്ട് പേരെ വീതം കോണ്‍ഗ്രസ്സും തൃണമൂലും മല്‍സരിപ്പിക്കുന്നു. മാവോവാദികള്‍ക്ക് സ്വാധീനമുള്ള വെസ്റ്റ് മിഡ്‌നാപൂര്‍, പുരുലിയ, ബാങ്കുറ എന്നീ ജില്ലകളാണ് നാലിന് ബൂത്തിലെത്തുക. സാല്‍ബോനി, പുരുലിയ മണ്ഡലങ്ങളില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, 11ന് ജനവിധി തേടുന്ന 163 സ്ഥാനാര്‍ഥികളില്‍ 37 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. വെസ്റ്റ് മിഡ്‌നാപൂര്‍, ബാങ്കുറ, ബര്‍ദ്വാന്‍ ജില്ലകളിലെ 31 മണ്ഡലങ്ങളിലാണ് അന്ന് വോട്ടെടുപ്പ്. ബലാല്‍സംഗം, കൊലപാതകം എന്നീ കേസുകളില്‍ പ്രതികളായ 12 പേരെ ബിജെപിയും 10 പേരെ തൃണമൂലും ഏഴ് പേരെ സിപിഎമ്മും മല്‍സരിപ്പിക്കുന്നു. 20 കോടീശ്വരന്‍മാരും ഈ ദിവസം മല്‍സരിക്കുന്നുണ്ട്. 12 കോടിയിലധികം രൂപയുടെ ആസ്തിയുള്ള ദുര്‍ഗാപൂര്‍ ഈസ്റ്റിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രദീപ് മജുംദാറാണ് ഇക്കൂട്ടത്തിലെ പണക്കാരന്‍. രണ്ട് കോടി ആസ്തിയുള്ള തൃണമൂല്‍ സ്ഥാനാര്‍ഥിയും ബംഗാളി നടനുമായ സോഹം ചക്രവര്‍ത്തിയാണ് തൊട്ടുപിന്നില്‍. 500 രൂപ മാത്രം ആസ്തിയുള്ള ചന്ദ്രകോണയില്‍ നിന്ന് ജനവിധി തേടുന്ന എസ്‌യുസിഐ സ്ഥാനാര്‍ഥി തനുശ്രീ ദലായിയും ബാങ്കുറയിലെ ബിഎസ്പി സ്ഥാനാര്‍ഥി ലാല്‍മോഹന്‍ മല്ലയും ഓന്‍ഡയിലെ ബിഎസ്പി നേതാവ് സദന്‍ ചാറ്റര്‍ജിയുമാണ് കൂട്ടത്തില്‍ ദരിദ്രര്‍.
Next Story

RELATED STORIES

Share it