Ramadan Special

അഞ്ചാം പത്തിക്കാരുടെ വിശേഷങ്ങള്‍

അഞ്ചാം പത്തിക്കാരുടെ വിശേഷങ്ങള്‍
X
മനുഷ്യ ചരിത്രത്തിലെ എല്ലാ പ്രസ്ഥാനങ്ങളോടുമൊപ്പം സാന്നിധ്യമറിയിച്ചിട്ടുളളവരാണ് അഞ്ചാം പത്തിക്കാര്‍. തങ്ങള്‍ക്ക്  നേര്‍ക്കുനേരെ എതിര്‍ത്തു തോല്‍പിക്കാന്‍ കഴിയാത്ത പ്രസ്ഥാനങ്ങളെ അവക്കുളളില്‍ നുഴഞ്ഞു കയറി പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ് അവരുടെ രീതി. അതോടൊപ്പം ആ പ്രസ്ഥാനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യും. ഇതാണ് എക്കാലത്തെയും അവരുടെ പ്രവര്‍ത്തന രീതിയും ചിന്താഗതിയും. മദീനയിലെ ഇസ്‌ലാമിക പ്രസ്ഥാനവും ഇവരില്‍ നിന്നും മുക്തരായിരുന്നില്ല.

മദീനയിലെ കപട വിശ്വാസികളുടെ നേതാവായിരുന്നു ഖസ്‌റജ് ഗോത്ര തലവനായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂല്‍. പ്രവാചകന്‍  മദീനയില്‍ എത്തുന്ന സന്ദര്‍ഭത്തില്‍ മദീനയിലെ നേതാവായിരുന്നു അയാള്‍.
മദീനയിലെ രാജാവായി കിരീടധാരണം നടത്താനിരിക്കുകയായിരുന്നു ഇദ്ദേഹം. പ്രവാചകന്റെ ആഗമനം എല്ലാം തകിടം മറിച്ചു. അതോടു കൂടി പ്രവാചകനും ഇസലാമിക പ്രസ്ഥാനവും അയാളുടെ കണ്ണിലെ കരടായി മാറി. എന്നാല്‍ മദീനയില്‍ അന്നു നിലവിലുണ്ടായിരുന്ന പരിതസ്ഥിതിയില്‍ ഇസലാമിനോട് തുറന്ന പോരിനുളള കെല്പില്ലാതിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ് മുസ്‌ലിം സമൂഹത്തില്‍ നുഴഞ്ഞു കയറി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ശ്രമിച്ചത്.

പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ എന്ന നിലയിലുളള എല്ലാ പ്രവര്‍ത്തനങ്ങളിലും കപട വിശ്വാസികള്‍ ഭാഗഭാഗാക്കായിരുന്നു. അവര്‍ പ്രവാചകന്റെ പളളിയില്‍ നമസ്‌കാരത്തിനു കണിശമായും കൃത്യസമയത്തു തന്നെ ഹാജറാകുമായിരുന്നു. സകാത്തു നല്‍കുകയും നോമ്പനുഷ്ഠിക്കുകയും എന്തിനധികം യുദ്ധങ്ങളില്‍ വരെ തങ്ങളുടെ സാന്നിധ്യം പലപ്പോഴും അറിയിച്ചിരുന്നു. (യുദ്ധത്തിനു പുറപ്പെടുന്ന ഇവര്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍പിന്‍മാറി കളയുകയോ അല്ലെങ്കില്‍ യുദ്ധം പ്രതികൂലമാണെന്നു കണ്ടാല്‍ പിന്തിരിഞ്ഞോടുകയോ ചെയ്യാറായിരുന്നു പതിവ്)

ജൂത ഗോത്രമായ ബനൂമുസ്തലിഖുമായുളള യുദ്ധത്തില്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യും കൂട്ടരും പങ്കെടുത്തിരുന്നു. ബനൂമുസ്തലിഖിനെ തോല്‍പിച്ച ശേഷം മുസലിം സൈന്യം മുറൈസിഅ് എന്ന കിണറിനടുത്ത് തമ്പടിച്ചിരിക്കുകയായിരുന്നു. സന്ദര്‍ഭ വശാല്‍ മുഹാജിറുകളിലും അന്‍സാറുകളിലും പെട്ട രണ്ടു പേര്‍ തമ്മില്‍ വെളളമെടുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. വാക്കേറ്റത്തിലാരംഭിച്ച് സംഭവം കയ്യാങ്കളിയിലെത്തി. രണ്ടു പേരും തങ്ങളുടെ ആളുകളെ വിളിച്ച് സഹായാഭ്യര്‍ത്ഥന നടത്തി.

കുഴപ്പം സൃഷ്ടിക്കാന്‍ തക്കം പാര്‍ത്തു നടക്കുകയായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ് വീണു കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തി. അയാള്‍ മദീനാ നിവാസികളായ മുഹാജിറുകളില്‍പ്പെട്ട ഔസുകാരെയും ഖസ്‌റജുകാരെയും പ്രകോപിപ്പിച്ചു കൊണ്ട് 'ഓടി വരിന്‍, നിങ്ങളുടെ സഖ്യകക്ഷിയെ സഹായിക്കുവിന്‍' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഓടിയെത്തിയ മുഹാജിറുകളും അന്‍സാറുകളും തമ്മില്‍ ചെറിയ തോതില്‍ കലഹം ആരംഭിച്ചു. ബഹളം കേട്ട് പ്രവാചകന്‍ തന്റെ തമ്പില്‍ നിന്നു ഇറങ്ങി വന്നുചോദിച്ചു. എന്താണീ ജാഹിലിയ്യാ മുറവിളി, നിങ്ങളും അവയും തമ്മിലെന്തു ബന്ധം? നിര്‍ത്തുവിന്‍ .അത് വളരെ നാറുന്നതാണ്.
പ്രവാചകന്റെ ആഹ്വാനത്തോടെ പ്രശ്‌നം അവസാനിച്ചു. എന്നാല്‍ കപട വിശ്വാസികള്‍ വിഷയം വിടാന്‍  തയ്യാറായിരുന്നില്ല. ഇബ്‌നു ഉബയ്യ് തന്റെ ആള്‍ക്കാരോട് പറഞ്ഞു: ഇതൊക്കെ നിങ്ങള്‍ തന്നെ വരുത്തി വെച്ചതാണ്. നിങ്ങളാണ് അവര്‍ക്ക് നമ്മുടെ നാട്ടില്‍ അഭയം നല്‍കിയത്. നിങ്ങള്‍ സ്വന്തം ധനം അവര്‍ക്കു വീതിച്ചു കൊടുത്തു. ഇപ്പോഴവര്‍ തടിച്ചു കൊഴുത്ത് നമുക്കെതിരെ തിരിഞ്ഞിരിക്കുന്നു. അല്ലാഹുവാണ് സത്യം, നമ്മള്‍ പ്രതാപികള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അധമന്‍മാരായ ഇവരെ ആട്ടിപ്പായിക്കുക തന്നെ ചെയ്യും.
അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ  ഈ സംസാരം പ്രവാചകന്‍ അറിയാന്‍ ഇടയായി.

അത്യുഷ്ണം കാരണം അക്കാലത്ത് രാത്രിയിലാണ് യാത്രാ സംഘങ്ങള്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി പ്രവാചകന്‍ സൈന്യത്തോട് മദീനയിലേക്കു ഉടന്‍ യാത്ര തിരിക്കാന്‍  ആവശ്യപ്പെട്ടു. നട്ടുച്ച മുതല്‍ ഒന്നര ദിവസത്തോളം തുടര്‍ച്ചയായി യാത്ര ചെയ്ത ശേഷമാണ് സംഘത്തിനു വിശ്രമിക്കാന്‍ നബി അനുമതി നല്‍കിയത്. അസാധാരണമായ ഈ യാത്രയുടെ കാരണമറിഞ്ഞ വിശ്വാസികളില്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിനോടുളള രോഷം പതഞ്ഞു പൊങ്ങി. അന്‍സാരികള്‍ ഇബ്‌നു ഉബയ്യിനോട് പ്രവാചക സന്നിധിയില്‍ പോയി ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറാവാഞ്ഞത് സ്ഥിതി വഷളാക്കി.

മദീനയിലേക്കുളള പ്രവേശന കവാടത്തില്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിനെയും കാത്ത് ഊരിപ്പിടിച്ച വാളുമായി സ്വന്തം മകന്‍ അബ്ദുല്ല കാത്തിരിക്കുന്നുണ്ടായിരുന്നു. കപട വിശ്വാസികളുടെ നേതാവിന്റെ മകനായിരുന്നുവെങ്കിലും അബ്ദുല്ല അല്ലാഹുവിലും പ്രവാചകനിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന യഥാര്‍ത്ഥ സത്യ വിശ്വാസിയായിരുന്നു. പിതാവിനെ പുത്രന്‍ തടഞ്ഞു നിര്‍ത്തിയിട്ടു പറഞ്ഞു. 'താങ്കള്‍ പറഞ്ഞല്ലോ,മദീനയിലെത്തിയാല്‍ പ്രതാപികള്‍ നിന്ദ്യമാരെ ആട്ടിപ്പുറത്താക്കുമെന്ന്, പ്രതാപം അങ്ങേക്കാണോ അല്ലാഹുവിനും അവന്റെ ദൂതനുമാണോ എന്ന് ഇപ്പോള്‍ ബോധ്യപ്പെടുത്തി തരാം.അല്ലാഹുവാണ് സത്യം,അല്ലാഹുവിന്റെ ദൂതന്‍ അനുവാദം നല്‍കാതെ താങ്കളെ ഞാന്‍ മദീനയില്‍ പ്രവേശിപ്പിക്കുകയില്ല. ഇബ്‌നു ഉബയ്യ് തന്റെ ഗോത്രമായ ഖസ്‌റജുകാരെ വിളിച്ചു വിലപിച്ചെങ്കിലും കാര്യമുണ്ടായില്ല. ്‌വിവരമറിഞ്ഞ പ്രവാചകന്‍ അബ്ദുല്ലയോട് പിതാവിനെ കടത്തി വിടാന്‍ ഉത്തരവിട്ട ശേഷമാണ് കപട വിശ്വാസികളുടെ നേതാവിന് മദീനയിലേക്ക് കടക്കാനായത്. പ്രവാചകന്‍ മദീനയിലെത്തിയ ഉടന്‍ അദ്ദേഹത്തിനു ഇപ്രകാരം ദിവ്യബോധനം ലഭിച്ചു.

'ദൈവദൂതന്റെ കൂടെയുളളവര്‍ക്കു വേണ്ടി ചെലവഴിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുക, അങ്ങനെ അവരങ്ങ് പിരിഞ്ഞുപോയ്‌ക്കൊളളും എന്നു പറയുന്നവരത്രേ അവര്‍. എന്നാല്‍ അല്ലാഹു ആകുന്നു ആകാശ ഭൂമികളുടെ ഖജനാവുകള്‍ക്കുടമസ്ഥന്‍. പക്ഷേ കപടന്‍മാരത് മനസ്സിലാക്കുന്നില്ല. അവര്‍ വീര വാദം മുഴക്കുന്നു: ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ നിന്ദ്യരെ പുറന്തളളുമെന്ന്. യഥാര്‍ത്ഥത്തില്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമുളളതാകുന്നു.പക്ഷേ, കപടന്‍മാര്‍ അത് ഗ്രഹിക്കുന്നി്ല്ല.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 63 അല്‍ മുനാഫിഖൂന്‍ സൂക്തം 78)
സ്വയം പ്രതാപവാനും പ്രവാചകനെയും വിശ്വാസികളെയും നിന്ദ്യരുമായി കണക്കാക്കി ഢംബ് നടിച്ച ഇബ്‌നു ഉബയ്യ് മരണത്തോടെ ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയത് ചരിത്രത്തിന്റെ കാവ്യ നീതി മാത്രം. നബി (സ) തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങി അല്പ കാലത്തിനകം തന്നെ അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടു. പിതാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒട്ടും മതിപ്പില്ലെങ്കിലും പിതാവിനു പരലോക മോക്ഷം എങ്ങനെയെങ്കിലും ലഭിക്കണമെന്ന അടക്കാനാവാത്ത ആഗ്രഹത്താല്‍ മകന്‍ അബ്ദുല്ല പ്രവാചകനെ സമീപിച്ച് പിതാവിന്റെ മയ്യത്ത് നമസ്‌കാരത്തിനു നേതൃത്വം നല്‍കണമെന്നാവശ്യപ്പെട്ടു. പിതാവിന്റെ ശവപ്പുടവക്കായി പ്രവാചകന്റെ വസ്ത്രവും ആവശ്യപ്പെട്ടു. ഉദാരമനസ്സോടെ പ്രവാചകന്‍ വസ്ത്രം നല്‍കുകയും നമസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ വരാമെന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഉമറുബ്‌നുല്‍ ഖത്താബ് ഇബ്‌നു ഉബയ്യ് ഇസലാമിനെതിരില്‍ പ്രവര്‍ത്തിച്ച ദ്രോഹങ്ങള്‍ എണ്ണി പറഞ്ഞ് പ്രവാചകനെ പ്രസ്തുത നടപടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കരുണാമനസ്‌കനായ പ്രവാചകന്‍  പരേതന്‍ തന്റെ പ്രാര്‍ത്ഥന കൊണ്ടെങ്കിലും ശിക്ഷയില്‍ നിന്നുരക്ഷപ്പെടട്ടെ  എന്നു കരുതി നമസ്‌കാരത്തിനായി പുറപ്പെട്ടു. എന്നാല്‍ പ്രവാചകന്‍ മയ്യിത്ത്  നമസ്‌കാരത്തിനായി എഴുന്നേറ്റപ്പോഴേക്കും പ്രവാചകനെ അതില്‍ നിന്നും വിലക്കി കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.

'അവരില്‍(കപട വിശ്വാസികളില്‍)മരണപ്പെടുന്ന ആര്‍ക്കു വേണ്ടിയും താങ്കള്‍ മയ്യിത്തു നമസ്‌കാരം നടത്തുകയോ അവരുടെ ഖബറിനരികില്‍ പ്രാര്‍ത്ഥിക്കുകയോ ചെയ്യരുത്. കാരണം അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിക്കുകയും ധിക്കാരികളായി മരണമടയുകയും ചെയ്തിരിക്കുന്നു.

(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 9 സൂറ അത്തൗബ സൂക്തം 84)
Next Story

RELATED STORIES

Share it