അഞ്ചാംവര്‍ഷ വിശേഷങ്ങള്‍

നാട്ടുകാര്യം - കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ഭരണത്തിന്റെ അഞ്ചാംവര്‍ഷം കണ്ടകശ്ശനിയുടെ അപായകരമായ കടന്നുകയറ്റം അധികാരത്തിന്റെ ഇടനാഴിയില്‍ സംഭവിക്കുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹരമായ ഒരു സവിശേഷതയാണ്. ഭരണക്കാരുടെ 'വിനാശകാലേ വിപരീതബുദ്ധി'കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് ഒരു പഴമൊഴിയുണ്ട്. അഞ്ചുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിരാഗാന്ധിക്കു തോന്നിയത് ഒരു വിപരീതബുദ്ധി കാരണമാണെന്നു ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. അത്തരമൊരു ബുദ്ധി ഇന്ദിരയെക്കൊണ്ടു തോന്നിപ്പിച്ചത് രഹസ്യാന്വേഷണവകുപ്പും ചില ശിങ്കിടിവാലന്‍മാരുമായിരുന്നുവത്രേ. മനോഹരമായ ആ വിപരീതബുദ്ധി ആയമ്മക്ക് അന്നു തോന്നിയിരുന്നില്ലെങ്കില്‍ മോദിജിക്ക് ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയോടു കൂറു പുലര്‍ത്തേണ്ടിവരുകയില്ലായിരുന്നുവെന്ന് ചിലര്‍ കുശുകുശുക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കാതെ രണ്ടാമതൊന്നുകൂടി മോഹിച്ച് നിയമസഭ പിരിച്ചുവിട്ട് യുഡിഎഫിന്റെ മഹാനന്ദിക്കു പാത്രമായ നായനാര്‍ സഖാവിന്റെ 'വിപരീതബുദ്ധി' തങ്കലിപികളാല്‍ കുറിച്ചതാണല്ലോ! അന്ന് നായനാരെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്ചുമ്മാന്‍ പാരവച്ചതിന്റെ പരിണിത ഫലമായിരുന്നു ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മഹാപരാജയമെന്ന് കോണ്‍ഗ്രസ്സുകാര്‍ പാടിനടന്നത് കേട്ടവര്‍ ഇന്നും അനന്തപുരിയില്‍ ജീവിച്ചിരിപ്പുണ്ട്.
ഇപ്പോഴിതാ കേന്ദ്രത്തിന്റെ മഹദ്ഭരണം നിര്‍ണായകഘട്ടത്തിലെത്തിയിരിക്കുന്നു. പശുവാദവും അന്ധവിശ്വാസവും യുക്തിവാദികളുടെ കൊലപാതകവും മാവോവാദവും പിന്നിട്ട് അര്‍ബന്‍ നക്‌സലിലേക്ക് രാഷ്ട്രം പുരോഗതിപ്രാപിച്ച സന്ദര്‍ഭത്തിലല്ലേ പുതിയ കടന്നല്‍ക്കൂടുകള്‍ ഇളകിമറിയാന്‍ തുടങ്ങിയിരിക്കുന്നത്? സുപ്രിംകോടതിയിലെ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി, ചരിത്രത്തെ വെല്ലുവിളിച്ച് കേന്ദ്രത്തിനേല്‍പിച്ച തലോടലിന്റെ സുഖം ഇനിയും വിട്ടുമാറിയിട്ടില്ല. ഗൗതം നവ്‌ലാഖയെയും സുധാഭരദ്വാജിനെയും പോലുള്ള ബുദ്ധിജീവികള്‍ സുപ്രിംകോടതി കനിഞ്ഞതുകൊണ്ടുമാത്രം വീട്ടുതടങ്കലിലാണ്. റൊമീലാ ഥാപ്പറെ പോലുള്ള കേന്ദ്രത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള ബുദ്ധിജീവികള്‍ ഈ വയസ്സുകാലത്ത് സുപ്രിംകോടതിയുടെ പടികള്‍ കയറുന്നതിന്റെ പൊരുളെന്ത്? ഗിരീഷ് കര്‍ണാടിനെ 'ഞാനും അര്‍ബന്‍ നക്‌സല്‍' എന്നു പറയാന്‍ പ്രേരിപ്പിച്ചത് വെറും നാടകപ്രേമമോ വിപരീത ബുദ്ധിയോ? കര്‍ണാടിന് നാടകമില്ലെങ്കില്‍ ജീവിക്കാനാവില്ല. അതിനു കേന്ദ്രത്തെ പഴിക്കുന്നത് ഏതായാലും നല്ല നടപടിയല്ലെന്നു പാവത്തിനെതിരേ കേസ് കൊടുത്ത കുറുവടിപ്രേമികള്‍ അലറുന്നുണ്ടത്രേ.
മേല്‍പ്പറഞ്ഞതൊക്കെ സഹിക്കാം. പൊന്‍മാന്‍ എന്ന മനോഹര വിമാനം പറപ്പിച്ച് യാത്രക്കാരെ കോള്‍മയിര്‍കൊള്ളിച്ച വിജയ് മല്യ എന്ന തട്ടിപ്പുകാരനെ പാര്‍ലമെന്റില്‍ വച്ച് ജെയ്റ്റ്‌ലി കണ്ടുവെന്ന് നിങ്ങളാരെങ്കിലും വിശ്വസിക്കുന്നുണ്ടോ? ബ്രിട്ടനിലേക്കു പറക്കുന്നതിനു മുമ്പ് ജെയ്റ്റ്‌ലി മദ്യം വില്‍ക്കുന്ന മല്യയുടെ തോളില്‍ കൈയിടുന്നത് താന്‍ കണ്ടുവെന്ന് പുനിയ എന്ന മഹാനുഭാവന്‍. ഇത്തരം ആരോപണങ്ങള്‍ കേട്ട് പാര്‍ലമെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊന്നും ജെയ്റ്റ്‌ലിയെ കിട്ടില്ല. ക്രിമിനലായ വലിയ മൊയലാളിയെയാണ് പ്രതിപക്ഷത്തിനു വിശ്വാസം എന്നു വരുന്നത് കഷ്ടം തന്നെയാണ്. ഇതിനിടെ മറ്റൊരു വിവരം കൂടി രഹസ്യാന്വേഷണവിഭാഗം കണ്ടുപിടിച്ചിട്ടുണ്ട്.
രാഹുലന്റെ ബിനാമിയാണ് മല്യവമ്പനത്രേ. മല്യയുമായി രാഹുലന്‍ ലണ്ടനില്‍ ഗൂഢാലോചന നടത്തിയതിനും തെളിവുണ്ട്. യഥാര്‍ഥത്തില്‍ ഈ പ്രവണത നെഹ്്‌റുവിന്റെ കാലത്തു തുടങ്ങിയതാണ്. നെഹ്‌റുവിന്റെ കാലത്തു നടന്ന സകല കുംഭകോണങ്ങളുടെയും കറതീര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുകൊല്ലം ഒരു പുതിയ ഭാരതനിര്‍മാണത്തിന്റെ പണിപ്പുരയിലായിരുന്നു ഞങ്ങള്‍. നെഹ്‌റു ചൈനയില്‍ പോയി മാവോയെ കണ്ടതിന്റെ ഫലമാണ് ഇന്ത്യയിലെ മാവോവാദം. മാവോയെ നെഹ്‌റു കണ്ടതെന്തിന്? രാഹുലന്‍ ഇപ്പം ഉത്തരം പറയണം. പാര്‍ലമെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കലൊക്കെ പിന്നീട്.
ഇതിനിടെ നീരവ്‌മോദി എന്ന ദീനദയാലുവെ രാഹുലന്‍ കെട്ടിപ്പിടിക്കുന്നത് പൂനെവാല എന്ന സംഘിയണ്ണന്‍ കണ്ടത് സിബിഐക്ക് അന്വേഷിക്കേണ്ടിവരും. നീരവ് മോദിയെ കടലുകടന്ന് രക്ഷപ്പെടാന്‍ രാഹുലന്‍ എന്തിന് അനുവദിച്ചുവെന്നു പറയാതെ, റഫേല്‍ ഇടപാടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. പാവം റഫേലിനെ വിടാന്‍ നിങ്ങള്‍ ഒരുക്കമല്ല. റഫേല്‍ എത്ര സുന്ദരമായ പദമാണെന്നുകൂടി രാഹുലനും കോണ്‍ഗ്രസ്സുകാരും മനസ്സിലാക്കിയിട്ടില്ല. വിനാശകാലേ വിപരീതബുദ്ധി വന്നാല്‍ ഇതും ഇതിലപ്പുറവും കോണ്‍ഗ്രസ്സിനു സംഭവിക്കും. 500 സീറ്റോടെ ഞങ്ങള്‍ അധികാരം പിടിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് കാര്യം ബോധ്യപ്പെടും. കോണ്‍ഗ്രസ്സില്ലാത്ത ഭാരതം! എത്ര സുന്ദരമായ സ്വപ്‌നം (നടക്കാത്ത). ജയ്ശ്രീറാം.
Next Story

RELATED STORIES

Share it