kozhikode local

അഞ്ചാംപനി- റൂബെല്ല : വാക്‌സിനേഷന്‍ ജൂലൈ 31 മുതല്‍



കോഴിക്കോട്: അഞ്ചാംപനി രാജ്യത്തുനിന്ന് തുടച്ചുനീക്കുന്നതിനും റൂബെല്ല, കോന്‍ജെനിറ്റല്‍ റൂബല്ല സിന്‍ഡ്രോം എന്നിവ നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള വാക്‌സിനേഷന്‍ ജൂലൈ 31 മുതല്‍ നാലാഴ്ചക്കാലം നടപ്പിലാക്കുന്നു. നേരത്തെ നടത്തിയിട്ടുണ്ടോ എന്ന് നോക്കാതെ ഒമ്പത് മാസം പ്രായമുള്ളവര്‍ മുതല്‍ പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ വരെയുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നടത്താണ് പദ്ധതി.വൈറസ് രോഗമായ അഞ്ചാംപനി ബാധിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 49,000 പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. അതിനാല്‍, രാജ്യത്തില്‍ ശിശുമരണത്തിന് പ്രധാന കാരണമാവുന്ന രോഗവും ഇതുതന്നെ. സുരക്ഷിതവും ഫലപ്രദവുമായ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിലൂടെ അഞ്ചാംപനിയെ പ്രതിരോധിക്കാന്‍ കഴിയും. റുബെല്ല കുട്ടികളെയും മുതിര്‍ന്നവരെയും ബാധിക്കുന്ന അത്ര മാരകമല്ലാത്ത വൈറല്‍ രോഗമാണെങ്കിലും ഗര്‍ഭിണിയെ ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടത്തില്‍ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മരണമോ ശാരീരിക വൈകല്യമോ സംഭവിക്കാം എന്നത് ഭീഷണിയാണ്. റുബെല്ല വൈറസ് മൂലം ഗര്‍ഭഛിദ്രമുണ്ടാവാനും കുഞ്ഞ് ചാപിള്ളയാകാനും സാധ്യതയുണ്ട്. കൂടാതെ കോന്‍ജെനിറ്റല്‍ റൂബല്ല സിന്‍ഡ്രോം (സി.ആര്‍.എസ്) ബാധിച്ച് കുട്ടികള്‍ക്ക് ബധിരതയും അന്ധതയും ഉണ്ടാവാനും സാധ്യതയുണ്ട്. രാജ്യത്ത് പ്രതിവര്‍ഷം 30,000 പേര്‍ക്ക് സി.ആര്‍.എസ് ബാധിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ രണ്ട് രോഗങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധമാണ് അഞ്ചാംപനി-റുബെല്ല വാക്‌സിനേഷനിലൂടെ ഉദ്ദേശിക്കുന്നത്. വാക്‌സിനേഷന്റെ ആദ്യ രണ്ടാഴ്ച സ്‌കൂളുകളിലും ശേഷിച്ച രണ്ടാഴ്ച മറ്റിടങ്ങളിലുമായിരിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്തുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ ക്ലാസ് ജൂണ്‍ 24ന് 20 കേന്ദ്രങ്ങളില്‍ നടക്കും. വാക്‌സിനേഷന്റെ സന്ദേശം സിബിഎസ്ഇ, നവോദയ, ഐസിഎസ്.ഇ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി ഈ സ്‌കൂളുകളുടെ യോഗം സിവില്‍ സ്‌റ്റേഷനില്‍ ജൂലൈ അഞ്ചിന് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കും. ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സരള നായര്‍, ഡിഎംഒ ഡോ. ആശാദേവി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it