palakkad local

അജ്മലിന്റെ മരണം; നഷ്ടമായത് മികച്ച ഫുട്‌ബോള്‍ താരത്തെ

ചെര്‍പ്പുളശ്ശേരി: സംസ്ഥാനത്തുടനീളം നൂറുകണക്കിന് അഖിലേന്ത്യാ സെവന്‍സ് മല്‍സരങ്ങളില്‍ ആവേശം തീര്‍ത്ത ഫുട്‌ബോള്‍ താരം അജ്മല്‍ നെല്ലായയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. എവണ്‍ ഫുട്ബാള്‍ അക്കാദമിയിലൂടെ കളിച്ച് വളര്‍ന്ന് കേരളത്തിന്റെ മികച്ച സ്‌റ്റോപ്പര്‍ബാക്ക് എന്ന പദവിയിലേക്ക് നടന്നടുക്കുമ്പോഴായിരുന്നു അജ്മലിന്റെ ആകസ്മിക വേര്‍പാട്. കേരളത്തിന്റെ ഫുട്‌ബോള്‍ രംഗത്ത് ഭാവിയുടെ വലിയ പ്രതീക്ഷയാണ് ഇതിലൂടെ നഷ്ടമായത്.
സോക്കര്‍ സ്‌പോര്‍ട്ടിങ്ങ് ഷൊര്‍ണ്ണൂരിന്റെ സ്ഥിരം കളിക്കാരനായിരുന്ന അജ്മല്‍ ജില്ലാ യൂത്ത് ഫുട്‌ബോളില്‍ കഴിഞ്ഞ വര്‍ഷത്തെ എറ്റവും നല്ല സ്‌റ്റോപ്പര്‍ ബാക്ക് എന്ന പദവിക്ക് അര്‍ഹനാവുകയും നിരവധി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.
23 വയസിനുള്ളില്‍ തന്നെ കാണികളുടെ ആവേശ താരമായി അജ്മല്‍ മാറിയത് കളിയുടെ ആവേശം തീര്‍ക്കലിനൊപ്പം പെരുമാറ്റത്തിന്റെ മികവ് കൂടിയായിരുന്നെന്ന് കോച്ച് സലാം പറയുന്നു. കാല്‍പന്ത് മൈതാനങ്ങളില്‍ പ്രതിരോധക്കാര്‍ എന്നും പ്രശ്‌നക്കാരായിരുന്നെങ്കില്‍ സംയമനത്തോടെയും പുഞ്ചിരിയോടെയും പ്രതിരോധം തീര്‍ക്കാനുള്ള അജ്മലിന്റെ മികവ് എന്നും കാണികള്‍ക്ക് കൗതുകമായിരുന്നു. അജ്മലിന്റെ ഭൗതിക ശരീരം ഒരു നോക്ക് കാണാന്‍ നെല്ലായ പേങ്ങാട്ടിരിയില്‍ തടിച്ച് കൂടിയ ആയിരങ്ങളില്‍ ഭൂരിഭാഗവും മലപ്പുറം-പാലക്കാട് ജില്ലയിലെ കാല്‍പന്ത് ആരാധകരായിരുന്നു.
ദുരന്തം വിതച്ച ജീവിത രേഖയിലൂടെയാണ് അജ്മല്‍ കടന്ന് പോയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അകാലത്തില്‍ മരണപ്പെട്ട പിതാവ്. ഇതെല്ലാം തളര്‍ത്തുമ്പോഴും കുടുംബത്തിന്റെ അത്താണിയാകാന്‍ ജീവിതത്തോട് പടപൊരുതുകയായിരുന്നു അജ്മല്‍. ഖത്തര്‍ കെഎംസിസിക്ക്  വേണ്ടി കളിക്കാനായി തുടര്‍ച്ചയായ നാലു വര്‍ഷം ക്ഷണം ലഭിച്ചിട്ടും ഉമ്മയെ വിട്ടുപിരിയാനാവാത്തതിനാല്‍ ക്ഷണം സ്‌നേഹപൂര്‍വും നിരസിച്ച അജ്മലിന് അന്ത്യയാത്രയിലും ഉമ്മ തുണയായത് ആ സ്‌നേഹബന്ധത്തിന്റെ ആഴംകൊണ്ടാവാം.
Next Story

RELATED STORIES

Share it