kozhikode local

അജ്മലിന്റെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

പാലേരി: 2017 നവംബര്‍ 11ന് കാണാതാവുകയും 13ന് രാവിലെ പേരാമ്പ്ര  ഹൈസ്‌കൂളിനടുത്ത കഴിഞ്ഞാണ്യം ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത അജ്മലിന്റെ ദുരൂഹ മരണത്തില്‍ മാതാവ്  ഹൈക്കോടതിയില്‍  നല്‍കിയ റിട്ട് ഹരജി ഫയലില്‍ സ്വീകരിച്ച് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവായി. മുങ്ങിത്താണു മരിച്ചതെന്ന നിഗമനത്തില്‍ പേരാമ്പ്ര പോലിസ് എത്തുകയും കേസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
തെളിവുകളുടെ അഭാവത്തില്‍  അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്തത് കൊണ്ട് കേസ് അന്വേഷണം അവസാനിപ്പിച്ചതായി പേരാമ്പ്ര പോലിസ് അജ്മലിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അജ്മലിന്റെ കുടുംബം എസ്ഡിപിഐ നേതൃത്വം കൊടുത്ത അജ്മല്‍ നിയമ സഹായ സമിതിയുമായി സഹകരിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തെ അജ്മലിന്റെ കുടുംബം പ്രതീക്ഷയോടെയാണ് കാണുന്നത്.
തങ്ങള്‍ക്ക് നീതി കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അജ്മലിന്റെ മാതാപിതാക്കള്‍. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് അജ്മല്‍ നിയമ സഹായ സമിതി പ്രവര്‍ത്തകര്‍ നേരത്തെ ചൂണ്ടി ക്കാണിച്ചിരുന്നു. മരണപ്പെട്ട അജ്മലിന്റെ ശ്വാസകോശത്തില്‍ ജലാംശമില്ല എങ്കിലും 25 മില്ലി ദൈര്‍ഘ്യം ഉള്ളആഫ്രിക്കന്‍ പായല്‍ കാണപ്പെടുയും ചെയ്തിരുന്നു.അജ്മലിന്റെ മൃതദേഹത്തില്‍  ചിതറിക്കിടക്കുന്ന പരിക്കുകള്‍ എങ്ങനെ എന്നതിന്റെ വിശദീകരണങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇല്ല. ഒരു തുള്ളി വെള്ളം പോലും ശ്വാസകോശത്തില്‍ ഉണ്ടായിരുന്നില്ല. പോലിസ് അന്വേഷണത്തില്‍ ഇതിനൊന്നും വിശദീകരണം ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഡയറ്റോം ടെസ്റ്റ് തുടങ്ങിയവയൊന്നും നടത്തിയുമില്ല. അജ്മലിന്റെ മൃതദേഹം കണ്ടെടുത്തതിന് ശേഷമാണ് അജ്മലിന്റെ മൊബൈല്‍ ഫോണ്‍ കൂട്ടുകാരന്‍ ഹൈദര്‍ പോലിസിനു കൈമാറിയത്.
കുടുംബത്തിന്റെ ഈ പരാതിയിലും പോലിസിന് വിശദീകരണം ഉണ്ടായിരുന്നില്ല. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതി പ്രകാരം പുനരന്വേഷണത്തിനായി അജ്മലിന്റെ ദുരൂഹ മരണം മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കേണ്ടത് സത്യം പുറത്തു കൊണ്ടുവരാന്‍ അത്യാവശ്യമാണ് എന്ന  ഉമ്മയുടെ റിട്ട് ഹരജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷത്തിന് ഉത്തരവായത്.
ഈ അന്വേഷണത്തെ അജ്മല്‍ നിയമ സഹായ സമിതി ചെയര്‍മാന്‍ മുസ്തഫ പാലേരിയും സ്വാഗതം ചെയ്തു. കണ്‍വീനര്‍ ജാഫര്‍ എടപ്പിരിയത്ത്, അബ്ദുല്‍ ജലീല്‍ സഖാഫി, പി സി ബഷീര്‍ പാറക്കടവ്,കുഞ്ഞമ്മത് പേരാമ്പ്ര, ഇസ്മയില്‍ കമ്മന സംസാരിച്ചു.
Next Story

RELATED STORIES

Share it