kozhikode local

അജൈവമാലിന്യ ശേഖരണം 1ന് തുടങ്ങും

വടകര: നഗരസഭയുടെ ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് ജനുവരി 1ന് തുടക്കം കുറിക്കുമെന്ന് ചെയര്‍മാന്‍ കെ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ മാസങ്ങള്‍ ഇടവിട്ട് പ്ലാസ്റ്റിക്, പേപ്പറുകള്‍, ഗ്ലാസുകള്‍, ചില്ലുകള്‍, ഇ വേസ്റ്റ്, തുണികള്‍, റബര്‍ ബാഗ്, ചെരുപ്പ് എന്നിങ്ങനെ തരംതിരിച്ച മാലിന്യങ്ങള്‍ നഗരസഭയുടെ ഹരിത കര്‍മസേന മുഖേന ഓരോ മാസവും ശേഖരിക്കും. കച്ചവടക്കാരില്‍ നിന്നും ആഴ്ചയില്‍ ഒരു തവണ, രണ്ടാഴ്ച കൂടുമ്പോല്‍ ഒരു തവണ, മാസത്തില്‍ ഒരു തവണ എന്നിങ്ങനെ മാലിന്യത്തിന്റെ അളവ് അനുസരിച്ച് ശേഖരിക്കും. വീട്ടുകാര്‍ പ്രതിമാസം 50 രൂപയും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 100 മുതല്‍ മുകളിലോട്ടും യൂസര്‍ഫീസായി നല്‍കേണ്ടതാണ്. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ്, റിംഗ് കമ്പോസ്റ്റ്, ബയോബിന്‍, ബക്കറ്റ്ബിന്‍ എന്നിവയ്ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ ജനുവരി 15വരെ അപേക്ഷിക്കാവുന്നതാണ്.  മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനും, കത്തിക്കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരക്കാര്‍ക്കെതിരെ പതിനായിരം മുതല്‍ അമ്പതിനായിരം രൂപ പിഴയും ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം 1ന് രാവിലെ 9 മണിക്ക് കരിമ്പനപ്പാലത്ത് വച്ച് സികെ നാണു എംഎല്‍എ നിര്‍വഹിക്കും. നഗരസഭ സെക്രട്ടറി കെയു ബിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടിപി ബിജു എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
Next Story

RELATED STORIES

Share it