അജിത് ജോഗിയും ഗുരുദാസ് കാമത്തും കോണ്‍ഗ്രസ് വിട്ടു

മര്‍വാഹി/മുംബൈ: മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുംബൈ ഘടകത്തിന്റെ അധ്യക്ഷനുമായിരുന്ന ഗുരുദാസ് കാമത്തും കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ചു. രണ്ടുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളാണ്. അജിത് ജോഗി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയംതന്നെ ഉപേക്ഷിക്കുകയാണെന്നാണ് കാമത്തിന്റെ പക്ഷം. ഛത്തീസ്ഗഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന് അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ കോണ്‍ഗ്രസ്സില്‍ നിന്നു നേരെത്തേ പുറത്താക്കിയിരുന്നു. എന്നാല്‍, സംസ്ഥാന കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നാരോപിച്ചാണ് അജിത് ജോഗി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. അജിത് ജോഗിയെ പ്രവര്‍ത്തകസമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിനോടാവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമെടുത്തിരുന്നില്ല.
മകന്‍ തിരഞ്ഞെടുക്കപ്പെട്ട മര്‍വാനി മണ്ഡലത്തിലെ കോട്മിയില്‍ പതിനായിരത്തോളം പേരെ സാക്ഷിനിര്‍ത്തിയാണു ജോഗി തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് എംഎല്‍എയുമായ രേണു, മകന്‍ അമിത്, എംഎല്‍എമാരായ രാജേന്ദ്ര കുമാര്‍ റായ്, സിയാറാം കൗഷിക്, മുന്‍ എംഎല്‍എമാരായ വിധാന്‍ മിശ്ര, ധരംജിത്ത് സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞ ശേഷം പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും തീരുമാനിക്കുമെന്ന് ജോഗി പറഞ്ഞു. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനു വേണ്ടിയാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് അഞ്ചുതവണ എംപിയായ 61 കാരനായ ഗുരുദാസ് കാമത്ത് മുംബൈയില്‍ പറഞ്ഞത്. രാജി തികച്ചും വ്യക്തിപരമാണ്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് സോണിയാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനായി കാമത്തിന്റെ എതിരാളിയായ സജ്ഞയ് നിരുപമിനെ നിയമിച്ചതാണ് രാജിക്കു പിന്നിലെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it