kasaragod local

അജാനൂര്‍ കടപ്പുറം റീസര്‍വേനൂറുകണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലേക്ക്

കാഞ്ഞങ്ങാട്: റീ സര്‍വേ നടപടികള്‍ അജാനൂര്‍ കടപ്പുറത്ത് നൂറ് കണക്കിന് കുടുംബങ്ങളെ പെരുവഴിയിലാക്കുന്നു. പട്ടയം അടക്കമുള്ള രേഖകളുമായി പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന പുരയിടത്തിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുന്ന അധികൃതരുടെ നിലപാടില്‍ ആശങ്കപ്പെടുകയാണ് കടലോരവാസികള്‍. പതിറ്റാണ്ടുകളായി കൃത്യമായ രേഖകളുടെ പിന്‍ബലത്തില്‍ കടലോരത്ത് വീട് വച്ച് താമസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. അധികൃതരുടെ അശാസ്ത്രീയവും അവഗണനാപരവുമായ റീസര്‍വേ നടപടികളാണ് ഇവരെ ഈ അവസ്ഥയിലേക്ക് തള്ളി വിടുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അജാനൂര്‍ പഞ്ചായത്തിലെ തീരദേശ മേഖല ഉള്‍പ്പെടുന്ന 15, 17 വാര്‍ഡുകളില്‍ സര്‍വേ നമ്പര്‍ 569 വരെയുള്ള സ്ഥലങ്ങളിലെ റീ സര്‍വേ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ 570 മുതല്‍ 574 വരെ സര്‍വേ നമ്പറുകളിലെ റീ സര്‍വേ നടപടികള്‍ തീര്‍ത്തും ഒഴിവാക്കുകയായിരുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
നാല്‍പതോളം വര്‍ഷമായി ഇവിടെ വീട് വച്ച് താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് ഇതോടെ ആധിയിലായത്. തുടക്കം മുതല്‍ പട്ടയം അടക്കമുള്ള രേഖകളുടെ പിന്‍ബലത്തില്‍ ഭൂനികുതിയും ഇവര്‍ മുറ തെറ്റാതെ അടച്ചിട്ടുണ്ട്. അന്നൊന്നും ഒരു തരത്തിലുള്ള ആക്ഷേപങ്ങളോ പ്രശ്‌നങ്ങളോ ഉന്നയിക്കാത്ത അധികൃതരാണ് പെട്ടെന്ന് തങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിച്ച് അനുകൂല്യങ്ങളില്‍ നിന്നും അവകാശങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതെന്നും ഇവര്‍ പറയുന്നു.
570 മുതല്‍ 574 വരെയുള്ള സര്‍വേ നമ്പറുകളില്‍പ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നും കഴിഞ്ഞ നവംബര്‍ മുതല്‍ നികുതി സ്വീകരിക്കാതായതോടെ എല്ലാതരത്തിലും ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. പലരും ബാങ്ക് വായ്പകള്‍ക്കും മറ്റുമായി അധികൃതരെ സമീപിച്ചപ്പോഴാണ് തങ്ങള്‍ സര്‍ക്കാരിന്റെ കണക്കില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ടതായി തിരിച്ചറിയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ വരുന്ന പ്രദേശങ്ങളാണ് അതെന്നുള്ള മറുപടികളാണ് റവന്യൂ അധികൃതര്‍ നല്‍കുന്നതെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.
പട്ടയവും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകള്‍ യാതൊരുവിധ തടസ്സങ്ങളോ സംശയങ്ങളോ ഇല്ലാതെ തങ്ങള്‍ക്ക് അനുവദിച്ച് തന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ പുതിയ നിയമത്തിന്റെ പേരിലാണ് തങ്ങളെ അവഗണിക്കുന്നതെന്നാണ് ഇവരുടെ പരാതി.
Next Story

RELATED STORIES

Share it