അച്യുതാനന്ദനെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു; പിണറായിക്ക് അഭിവാദ്യമര്‍പ്പിച്ച് വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് അഭിവാദ്യമര്‍പിച്ചുകൊണ്ട് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഐശ്വര്യപൂര്‍ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണമായ ജനപങ്കാളിത്തത്തോടെ ഇവര്‍ക്കു കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നിയുക്ത മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ സ്വാഗതാര്‍ഹമാണ്. മികച്ച തുടക്കമായി താന്‍ ഇതിനെ കാണുന്നു. ഇതിനകം ഭീഷണിയുടെ സ്വരം മുഴക്കിക്കൊണ്ട് ചില കേന്ദ്രമന്ത്രിമാര്‍ രംഗത്തുവന്നിട്ടുണ്ട്. ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഈ കൂട്ടം. നമ്മള്‍ സദാ ജാഗരൂകരായിരിക്കണമെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതിനിടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നിയുക്ത മന്ത്രിമാര്‍ വിഎസ് അച്യുതാനന്ദന്റെ അനുഗ്രഹം വാങ്ങാന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി. ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ എത്തിയപ്പോള്‍ ഗൗരവക്കാരനായിരുന്ന വിഎസ് മേഴ്‌സിക്കുട്ടിയമ്മ എത്തിയപ്പോഴാണ് പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ചത്. അനുഗ്രഹം വാങ്ങിയ മന്ത്രിമാരില്‍ ജി സുധാകരനായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രമായത്.
ഒരു കാലത്ത് വിഎസിന്റെ വിശ്വസ്തനായിരുന്ന സുധാകരന്‍ പിന്നീട് അദ്ദേഹവുമായി അകലുകയായിരുന്നു. വിഎസിന്റെ ഓഫിസ് മുറിയിലേക്ക് വന്ന സുധാകരന്‍ വിഎസിന് ഹസ്തദാനം നല്‍കിയ ശേഷം അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചു. അതേസമയം ഹസ്തദാനം നല്‍കിയപ്പോഴും കാല്‍ തൊട്ടു വന്ദിച്ചപ്പോഴും വിഎസ് സുധാകരന്റെ മുഖത്തേക്ക് നോക്കിയതുമില്ല. തുടര്‍ന്ന്, വിഎസിന് അഭിമുഖമായിരുന്ന് സുധാകരന്‍ അല്‍പനേരം അദ്ദേഹവുമായി സംസാരിച്ചു.
Next Story

RELATED STORIES

Share it