അച്ഛാദിന്‍ അല്ല; മോദിസര്‍ക്കാര്‍ സമ്മാനിച്ചത് ബുരേ ദിന്‍: ചെന്നിത്തല

തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അച്ഛാദിന്‍ സമ്മാനിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത് 'ബുരേ ദിന്‍' ആണെന്ന് രമേശ്‌ചെന്നിത്തല. രണ്ടു വര്‍ഷത്തെ നരേന്ദ്രമോദിയുടെ ഭരണംകൊണ്ട് രാജ്യം വിനാശത്തിലേക്കു കൂപ്പുകുത്തുകയാണു ചെയ്തതെന്ന് ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു.
പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കാനും മതസൗഹാര്‍ദം തകര്‍ക്കാനും അസഹിഷ്ണുത ആളിക്കത്തിക്കാനും മാത്രമേ ഇക്കാലയളവില്‍ മോദി ഭരണത്തിനു കഴിഞ്ഞുള്ളൂ. മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വബോധം നഷ്ടപ്പെട്ട കറുത്ത ദിനങ്ങളായിരുന്നു ഈ രണ്ടുവര്‍ഷവും. വിലക്കയറ്റം നിയന്ത്രിക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ കയറിയ മോദിസര്‍ക്കാരിന് അക്കാര്യത്തില്‍ യാതൊന്നും ചെയ്യാനായില്ല. ക്രൂഡ്ഓയില്‍ വില ബാരലിന് 35 ഡോളര്‍ ആയി താഴ്ന്നിട്ടും ആനുപാതികമായി പെട്രോള്‍-ഡീസല്‍ വില സര്‍ക്കാര്‍ കുറിച്ചില്ല. അധികാരമേറ്റ ഉടനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ ചരിത്രപുരുഷന്മാരുടെ ഓര്‍മകളെ തുടച്ചുനീക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി നടത്തിയത്.
ന്യൂനപക്ഷവിദ്വേഷം പരത്തിയ ലൗജിഹാദ്, ഘര്‍ വാപസി എന്നിവയ്ക്കു പിന്നാലെ ബീഫ് വിവാദവും അഴിച്ചുവിട്ടു. ദാദ്രി സംഭവം ലോകത്തെതന്നെ ഞെട്ടിച്ചതാണ്. തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരുകയും കര്‍ഷകര്‍ക്കനുകൂലമായി യുപിഎ സര്‍ക്കാര്‍കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിദേശ കള്ളപ്പണനിക്ഷേപം തിരിച്ചുകൊണ്ടുവരുമെന്നു പറഞ്ഞിട്ട് ഇതുവരെയാതൊന്നും നടന്നില്ല. അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ കുല്‍സിതമാര്‍ഗങ്ങളിലൂടെ പുറത്താക്കിയ മോദിസര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് ജനാധിപത്യസമ്പ്രദായത്തെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം സുപ്രിംകോടതി ഇടപെട്ടു തിരുത്തിയത് മോദിസര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായി.
രാജ്യത്തെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ശ്രമിക്കാതെ വിദേശങ്ങളില്‍ പറന്നുനടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുവര്‍ഷത്തെ ഭരണത്തിന്റെ പേരില്‍ യാതൊരു നേട്ടവും അവകാശപ്പെടാനില്ലെന്ന് രമേശ്‌ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it