അച്ഛന് സമര്‍പ്പിക്കാന്‍ ഗിഫ്റ്റ് ചാടി, വെള്ളിയിലേക്ക്

കോഴിക്കോട്: മൂന്നു സെക്കന്റിന്റെ വ്യത്യാസം. അത്‌ലറ്റായി കാണാന്‍ ഏറെ മോഹിച്ച അച്ഛന്റെ ആത്മാവ് കൂടെയുണ്ടായിരുന്നിട്ടും വിധി ഗിഫ്റ്റ് ഗോഡ്‌സണെ രണ്ടാംസ്ഥാനത്തേക്ക് തഴഞ്ഞു. മുഴുവന്‍ ശ്രമവുമെടുത്ത് ഗിഫ്റ്റ് 6.87 മീറ്റര്‍ ചാടി. എന്നാല്‍, അവസാനശ്രമം പിഴച്ചു, ഫൗള്‍. 6.90 മീറ്റര്‍ ചാടി ഒന്നാംസ്ഥാനം നേടിയതാവട്ടെ കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശി എസ് ലോകേഷും.
വ്യാഴാഴ്ച അര്‍ബുദത്തിന്റെ കരാളഹസ്തങ്ങള്‍ കവര്‍ന്നെടുത്ത അച്ഛന്റെ ഓര്‍മകളുറങ്ങുന്ന വീട്ടിലേക്ക് തിളങ്ങുന്ന സ്വര്‍ണവുമായി കയറിച്ചെല്ലാനായില്ലെങ്കിലും ഗിഫ്റ്റിനു പരാതിയില്ല. വെള്ളിതിളക്കമുണ്ടല്ലോ കൂട്ട്. ഇനി അച്ഛന്റെ ആഗ്രഹം സാധിക്കണം. അത്‌ലറ്റാവണം.
തുടര്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ ദൂരം ചാടുമെന്ന ആത്മവിശ്വാസത്തിലാണ് ഗിഫ്റ്റ് തൃശൂര്‍ അണ്ണല്ലൂരിലെ വീട്ടിലേക്ക് വണ്ടികയറുന്നതും.
ഏറെ വാശിയേറിയതായിരുന്നു സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപ് മല്‍സരം. ആദ്യ മൂന്നു സ്ഥാനത്തെത്തിയ മല്‍സരാര്‍ഥികള്‍ എല്ലാവരും ഒരു ശ്രമത്തിലെങ്കിലും മികച്ച ദൂരം ചാടിയിരുന്നു. ആദ്യം മുതല്‍ 6.87 മീറ്റര്‍ ചാടിയ ഗിഫ്റ്റ് സ്വര്‍ണം കൊയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഏവര്‍ക്കും.
എന്നാല്‍, അവസാന ശ്രമം ഫൗളായതോടെ 6.90 മീറ്റര്‍ ചാടിയ ബംഗളൂരു ജെയ്ന്‍ കോളേജ് വിദ്യാര്‍ഥി ലോകേഷ് സ്വര്‍ണം കൊണ്ടുപോവുകയായിരുന്നു. അവസാന ശ്രമത്തില്‍ 6.87 മീറ്റ ര്‍ ചാടിയ പഞ്ചാബ് സ്വദേശി ഹര്‍പ്രീത് സിങിനാണ് മൂന്നാംസ്ഥാനം.
Next Story

RELATED STORIES

Share it