Kerala Assembly Election

അച്ഛന്‍ പകര്‍ന്ന പോരാട്ട വീര്യവുമായി നികേഷ്‌കുമാര്‍

അച്ഛന്‍ പകര്‍ന്ന പോരാട്ട വീര്യവുമായി നികേഷ്‌കുമാര്‍
X
nikesh-kumar

ഹനീഫ എടക്കാട്

കണ്ണൂര്‍: അച്ഛന്‍ പകര്‍ന്നു നല്‍കിയ പോരാട്ട വീര്യവുമായി മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ്‌കുമാര്‍ പോര്‍നിലത്തിലേക്ക്. അഴീക്കോട് മണ്ഡലത്തില്‍ നിന്ന് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി നികേഷ്‌കുമാറെത്തുമ്പോള്‍ മല്‍സരം ആവേശക്കൊടുമുടി കയറുമെന്നുറപ്പ്. അഴീക്കോട് മണ്ഡലത്തിന്റെ പൂര്‍വരൂപം മാടായിയാണ്. ഇവിടെ നിന്നാണ് എം വി രാഘവന്‍ 1970ല്‍ ആദ്യമായി സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതും വിജയിക്കുന്നതും. മാടായി മാടാ എന്നുവിളിച്ചാണ് ശത്രുപക്ഷമായ കോണ്‍ഗ്രസ് അന്ന് രാഘവനെ നേരിട്ടത്. അതേ മണ്ഡലത്തില്‍ നിന്നുതന്നെ നികേഷും നിയമസഭാ പോരാട്ടത്തിനിറങ്ങുന്നു എന്നത് ചരിത്രനിയോഗം. രാഷ്ട്രീയബദലിനെ ചൊല്ലി സിപിഎമ്മില്‍ നിന്ന് പുറത്തായ എം വി രാഘവന്‍, 1987ലെ തിരഞ്ഞെടുപ്പില്‍ ഇ പി ജയരാജനെ പരാജയപ്പെടുത്തിയതും അഴീക്കോട്ട് നിന്നാണ്. ന്യൂസ്‌റൂമില്‍ നിന്ന് തിരഞ്ഞെടുപ്പ് ഗോദയിേലക്ക് നികേഷെത്തുന്നതും അവിടേക്കാണ്. എം വി രാഘവന്റെയും ജാനകിയുടെയും മകനായി 1973 ഒക്ടോബര്‍ 7 നാണ് നികേഷ് ജനിച്ചത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ പഠനത്തിനുശേഷം ഏഷ്യാനെറ്റില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകനായി.ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവര്‍ത്തനമാണ് നികേഷിനെ ശ്രദ്ധേയനാക്കിയത്. 30ാം വയസ്സില്‍ ഇന്ത്യാവിഷനിലെത്തിയ നികേഷ് പ്രായംകുറഞ്ഞ എക്‌സിക്യുട്ടീവ് എഡിറ്ററുമായി. 2011ല്‍ സ്വന്തം ചാനലായ റിപോര്‍ട്ടര്‍ സംപ്രേക്ഷണം ആരംഭിച്ചു. വാര്‍ത്താചാനല്‍ സംസ്‌കാരം നടപ്പാക്കുക വഴി എം വി രാഘവന്‍ എന്ന അച്ഛന്റെ മേല്‍വിലാസമില്ലാതെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ നികേഷിന് കഴിഞ്ഞിട്ടുണ്ട്. ഇടതുപരിവേഷമുള്ള മണ്ഡലം വിരലിലെണ്ണാവുന്ന ഭൂരിപക്ഷത്തിനാണ് യൂത്ത് ലീഗിലെ കെ എം ഷാജി കൈപ്പിടിയിലൊതുക്കിയത്. മണ്ഡലം കൈവിട്ടുപോയതിന്റെ വേദന മാത്രമായിരുന്നില്ല സിപിഎമ്മിന്, മറിച്ച് ഭരണത്തുടര്‍ച്ചയെന്ന സ്വപ്‌നനേട്ടം നഷ്ടമാവാന്‍ കാരണമായി എന്ന വേദനകൂടി ആ തോല്‍വി സമ്മാനിച്ചു. എന്തുവിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കുക സിപിഎമ്മിന്റെ അഭിമാനപ്രശ്‌നമാണ്. അച്ഛന്‍ ജയിച്ചു കയറിയ മണ്ഡലത്തില്‍ നികേഷിന്റെ മല്‍സരബാക്കിയിരിപ്പ് എന്താവുമെന്ന ആകാംക്ഷയിലും ആവേശത്തിലുമാണ് രാഷ്ട്രീയകേരളം.  [related]
Next Story

RELATED STORIES

Share it