thrissur local

അച്ഛനോടും മകനോടും പരാജയപ്പെട്ട് കെ പി ധനപാലന്‍

മാള: 1987 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാള നിയോജക മണ്ഡലത്തില്‍ വി കെ രാജനോട് പരാജയപ്പെട്ട കെ പി ധനപാലന്‍ ഇപ്പോള്‍ വി കെ രാജന്റെ മകനായ അഡ്വ വി ആര്‍ സുനില്‍കുമാറിനോടും ദയനീയമായി പരാജയപ്പെട്ടു. അന്ന് വി കെ രാജനോട് 3500ല്‍പ്പരം വോട്ടിനാണ് പരാജയപ്പെട്ടതെങ്കിലിപ്പോള്‍ മകനോട് പരാജയം ഏറ്റു വാങ്ങിയത് 22537 വോട്ടിനാണ്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷത്തിലധികമായി കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ കെ പി ധനപാലന്‍ സജീവമായുണ്ടായിരുന്നു.
സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റും സജീവമായി പങ്കെടുത്തിരുന്നത് ആ ലക്ഷ്യത്തോടെയാണെന്ന് പലരും അടക്കം പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി എംപിയായി മത്സരിക്കാന്‍ ഒരുങ്ങിയിരുന്ന കെ പി.ധനപാലന്‍ അവിടത്തെ സിറ്റിംഗ് എംപിയായിരുന്നു. എന്നാല്‍ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായിരുന്ന പി സി ചാക്കോ തനിക്ക് ചാലക്കുടി ലോകസഭ മണ്ഡലം മതിയെന്ന് നിര്‍ബന്ധം പിടിക്കുകയും ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം അതിന് വഴങ്ങുകയും ചെയ്തു. ധനപാലന് ചാലക്കുടി വിട്ട് തൃശൂരിലേക്ക് വണ്ടി കയറേണ്ടതായും വന്നു. എന്നാല്‍ തൃശൂരില്‍ പരാജയമായിരുന്ന ഫലം. അന്ന് ചാലക്കുടിയും കോണ്‍ഗ്രസിനെ കൈവിട്ടു. എന്നാല്‍ ടി എന്‍ പ്രതാപന്റെ വികസന മികവില്‍ കൊടുങ്ങല്ലൂരില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലെത്തിയ ധനപാലന് ഇവിടേയും അടിതെറ്റി.
പുതുതായി ചേര്‍ക്കപ്പെട്ട പുതിയ വോട്ടര്‍മാരില്‍ കാര്യമായൊന്നും യുഡിഎഫിന് വോട്ട് ചെയ്തില്ലെന്നാണ് വോട്ടിംഗ് നില വെളിവാക്കുന്നത്. ബി ഡി ജെ എസ് ഇടത് മുന്നണിയുടെ വേട്ടാണ് പിടിക്കുകയെന്ന് ഏവരും കണക്ക് കൂട്ടിയെങ്കിലും യുഡിഎഫിന്റെ വോട്ടാണ് അവര്‍ പെട്ടിയിലാക്കിയത്. 2011ല്‍ ടി എന്‍ പ്രതാപന്‍ നേടിയത് 64495 വോട്ടാണെങ്കിലിപ്പോള്‍ കെ പി ധനപാലന്‍ നേടിയത് 45118 വോട്ടാണ്. യുഡിഎഫ് വിരുദ്ധ തരംഗവും പെരുമ്പാവൂരിലെ ജിഷയുടെ ഘാതകരെ പിടികൂടാത്തതിലുള്ള അമര്‍ഷമടക്കം വോട്ടായി മാറിയതാണ് ധനപാലന്‍ അടക്കം ദയനീയമായി പരാജയപ്പെടാന്‍ കാരണമെന്നാണ് ഉയരുന്ന അഭിപ്രായം.
Next Story

RELATED STORIES

Share it