അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കൈപ്പട്ടൂര്‍ കുരുമ്പേലില്‍ കടവില്‍ കുളിക്കാനിറങ്ങിയ നാലു പ്ലസ്ടു വിദ്യാര്‍ഥികളില്‍ രണ്ടു പേര്‍ മുങ്ങിമരിച്ചു. കൈപ്പട്ടൂര്‍ സെന്റ് ഗ്രിഗോറിയോസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ കൊടുമണ്‍ ഈസ്റ്റ് ചക്കാലമുക്ക് വൈഷ്ണവില്‍ എ കെ സുരേഷിന്റെ മകന്‍ ജിഷ്ണു സുരേഷ്(17), തുമ്പമണ്‍ നെടുവേലില്‍ പരേതനായ എബ്രഹാം ഫിലിപ്പിന്റെ മകന്‍ നോയല്‍ ഏബ്രഹാം ഫിലിപ്പ് (18) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ സഹപാഠികളായ കൈപ്പട്ടൂര്‍ സ്വദേശി അജേഷ്, ഓമല്ലൂര്‍ സ്വദേശി ജെയ്‌സണ്‍ ഫിലിപ്പ് എന്നിവര്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം ശബരിമല തീര്‍ത്ഥാടകരായ കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ ചേരിക്കോണം സരസ്വതി സദനത്തില്‍ സുനി(ശാന്താറാം-44), ഇദ്ദേഹത്തിന്റെ പിതൃസഹോദരിയുടെ മകന്‍ ചാത്തൂര്‍ സ്വദേശി സുരേഷ് ബാബു(27) എന്നിവര്‍ ഇവിടെ മുങ്ങി മരിച്ചിരുന്നു. സ്‌കൂളിലെ പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടോടെയാണ് കുട്ടികള്‍ സ്‌കൂളില്‍നിന്നു മുക്കാല്‍ കിലോമീറ്റര്‍ മാത്രം ദൂരമുള്ള നദിയുടെ കടവിലെത്തിയത്. ജിഷ്ണുവും നോയലും ആറ്റിലെ കയത്തില്‍ പെട്ടതറിഞ്ഞ് അജേഷും ജെയ്‌സണും ഉടനെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും പത്തനംതിട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഉച്ചയ്ക്ക് 3.35ന് കടവിനു സമീപത്ത് കയത്തിലെ ചളിയില്‍ പൂണ്ടുകിടന്ന ജിഷ്ണുവിനെയാണ് ആദ്യം കിട്ടിയത്. പിന്നീട് 3.50ഓടെ നോയലിന്റെ മൃതദേഹവും കണ്ടെടുത്തു.
ഇരുവരുടെയും മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്കു കൈമാറും. ജിഷ്ണുവിന്റെ പിതാവ് സുരേഷ് ഊട്ടിയില്‍ സൈനിക പരിശീലനത്തിലാണ്. മാതാവ് വിജയശ്രീ. ഇളയ സഹോദരി ജ്യോതി കൊടുമണ്‍ എംജിഎം സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സുമയാണ് നോയലിന്റെ മാതാവ്. സഹോദരി നീന ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.
Next Story

RELATED STORIES

Share it