thiruvananthapuram local

അച്ചടക്കലംഘനം; കിളിമാനൂരില്‍ സിപിഎമ്മില്‍ നിരവധി പേര്‍ക്കെതിരേ നടപടി

കിളിമാനൂര്‍: അച്ചടക്കം പാലിക്കാത്തതിലും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിലും നിരവധി പേര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സിപിഎം കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയുടെ തീരുമാനം.
കസ്തൂര്‍ബ സര്‍വീസ് സഹരണ ബാങ്ക് പ്രസിഡന്റും കിളിമാനൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ അഡ്വ ബി ശ്രീകുമാര്‍, വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എസ് കെ സുനി, മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം നാസര്‍, അരവിന്ദന്‍, ഡിവൈഎഫ്‌ഐ നേതാക്കളും വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ രതീഷ്, രാജീവ് എന്നിവര്‍ക്കെതിരെയാണ് നടപടി. കിളിമാനൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. മടവൂര്‍ അനിലിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളി, സിപിഎം ജില്ലാ കമ്മിറ്റി അംഗം ബി പി മുരളി എന്നിവര്‍ പങ്കെടുത്ത കമ്മിറ്റിയുടേതാണ് തീരുമാനം.
ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെ തീരുമാനങ്ങള്‍ നടപ്പാവും. അഡ്വ. ബി ശ്രീകുമാറിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതിനും കിളിമാനൂര്‍ കസ്തൂര്‍ബ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പദത്തില്‍ നിന്നു രാജിവയ്പിക്കാനും തീരുമാനമായി. പാര്‍ട്ടി അംഗവും ആറ്റിങ്ങല്‍ സ്വദേശിയുമായ മാധവന്‍ നായര്‍ തന്റെ മകളായ മഞ്ജുഷയുടെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പാര്‍ട്ടി അന്വേഷിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. പാര്‍ട്ടി നിര്‍ദേശിച്ചിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെന്നാണ് എസ് കെ സുനിക്കെതിരായ നടപടിക്കാധാരം. ലോക്കല്‍ കമ്മിറ്റിയില്‍ നിന്നു സുനിയെ ഒഴിവാക്കും. അതേസമയം, സുനിയെ ലോക്കല്‍ സെക്രട്ടറിയാക്കാതിരിക്കാനുള്ള നേതൃത്വത്തിന്റെ നീക്കമാണ് ഇതിനു പിന്നിലെന്ന ആരോപണം വെള്ളല്ലൂരില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു.
സമ്മേളനത്തില്‍ കശപിശ ഉണ്ടാക്കിയതാണ് എം നാസര്‍, അരവിന്ദന്‍, രതീഷ്, രാജീവ് എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കാരണം. രതീഷിനും രാജീവിനും നടപടി താക്കീതില്‍ ഒതുങ്ങും. അതോടൊപ്പം എം നാസര്‍, അരവിന്ദന്‍ എന്നിവരെ ആറു മാസത്തേക്ക് പുറത്താക്കാനുമാണ് നിര്‍ദേശം. അതേസമയം പാര്‍ട്ടി തീരുമാനം അറിഞ്ഞിട്ടിെല്ലന്നും അറിയുന്ന മുറയ്ക്ക് പ്രതികരിക്കുമെന്നും അഡ്വ. ബി ശ്രീകുമാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടപടികള്‍ നീണ്ടുപോവാനും ഇടയുണ്ട്.
Next Story

RELATED STORIES

Share it