Flash News

അച്ചടക്കലംഘനം ഉണ്ടായിട്ടില്ല;ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് പ്രതീക്ഷ: ജസ്റ്റിസ് കുര്യന്‍ ജോസഫ്

അച്ചടക്കലംഘനം ഉണ്ടായിട്ടില്ല;ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് പ്രതീക്ഷ: ജസ്റ്റിസ് കുര്യന്‍ ജോസഫ്
X
കൊച്ചി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം വിളിച്ചതില്‍ അച്ചടക്കലംഘനമുണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. നീതിക്കും നീതിപീഠത്തിനുമായാണ്  നിലകൊണ്ടത്. ജനങ്ങള്‍ക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്.പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കുര്യന്‍ ജോസഫ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.



ഇന്നലെ ഉച്ചയ്ക്ക് 12.10ന് ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രിംകോടതിയിലെ നാല് ജഡ്ജിമാര്‍ തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സുപ്രിംകോടതിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചുകാലമായി താളംതെറ്റിയാണ് മുന്നോട്ടു പോവുന്നതെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും ജഡ്ജിമാര്‍ തുറന്നുപറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ വിരല്‍ചൂണ്ടുന്ന ആരോപണങ്ങളാണു ജഡ്ജിമാര്‍ പങ്കുവച്ചത്. ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസാണ് ജഡ്ജിമാരുടെ പ്രകോപനത്തിന് പ്രധാന കാരണമെന്നാണ് കരുതുന്നത്.
കീഴ്‌വഴക്കമനുസരിച്ചല്ല സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതികള്‍ ജനാധിപത്യപരമല്ലെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകുര്‍ എന്നിവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്.
തെറ്റുകള്‍ കണ്ടിട്ടും തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് വിവേകമുള്ളവര്‍ കുറ്റപ്പെടുത്താന്‍ ഇടവരരുത് എന്നതുകെണ്ടാണ് ഈ വെളിപ്പെടുത്തല്‍ എന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. കുറച്ചുകാലമായി സുപ്രിംകോടതി നടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നത്. ഒട്ടും സന്തോഷത്തോടെയല്ല മാധ്യമങ്ങള്‍ക്കു മുന്നിലേക്ക് ഇക്കാര്യം പറയാന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിയോജിപ്പുകള്‍ വിശദീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു മുമ്പ് നല്‍കിയ ഏഴു പേജുള്ള കത്തും ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്കു നല്‍കി.
Next Story

RELATED STORIES

Share it