Flash News

അച്ചടക്കനടപടി നേരിട്ട ഉദ്യോഗസ്ഥന്റെ നിയമനം വിവാദത്തില്‍ ; വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനെന്ന് ആക്ഷേപം



തിരുവനന്തപുരം: അന്വേഷണ റിപോര്‍ട്ടുകളില്‍ തിരിമറി നടത്തിയതിനു അച്ചടക്കനടപടി നേരിട്ട ഉദ്യോഗസ്ഥനെ വീണ്ടും വിജിലന്‍സിന്റെ സുപ്രധാന പദവിയിലേക്ക് തിരികെ കൊണ്ടുവന്നതു വിവാദത്തി ല്‍. പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയായിരുന്ന ബി അശോകന്റെ നിയമനമാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍തന്നെ അതൃപ്തിക്ക് കാരണമായത്. തിരുവനന്തപുരം പൂജപ്പുരയിലുള്ള വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ്- 1ല്‍ എസ്പിയായി കഴിഞ്ഞ ദിവസമാണ് അശോകനെ നിയമിച്ച് ഉത്തരവിറങ്ങിയത്. ഇവിടെ എസ്പിയായിരുന്ന ആര്‍ സുകേശന്‍ വിരമിച്ച ഒഴിവിലേക്കാണ് അശോകന്റെ നിയമനം. മുമ്പ് വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ടുകള്‍ തിരുത്തിയതിന് അച്ചടക്ക നടപടി നേരിടേണ്ടിവന്ന അശോകനെ ബാര്‍കോഴ കേസ് ഉള്‍പ്പെടെയുള്ള വിജിലന്‍സ് കേസുകളുടെ മേല്‍നോട്ടച്ചുമതല നല്‍കിയതിനോട് യോജിക്കാനാവില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കാര്യത്തിലുള്ള അതൃപ്തി ബന്ധപ്പെട്ടവരെ അറിയിക്കാനാണ് ഇവരുടെ നീക്കം. പൂജപ്പുരയിലുള്ള വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ്- ഒന്നാണ് ബാര്‍കോഴ, ടൈറ്റാനിയം, പാറ്റൂര്‍ ഫഌറ്റ് അഴിമതി ഉള്‍പ്പടെയുള്ള കേസുകളും ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകളും അന്വേഷിക്കുന്നത്്. ഈ യൂനിറ്റില്‍ മുമ്പ് എസ്പിയായിരിക്കേ ഡിവൈഎസ്പിമാരുടെ അന്വേഷണ റിപോര്‍ട്ടുകള്‍ തിരുത്തിയതിനു അച്ചടക്ക നടപടി നേരിട്ടയാളാണ് ബി അശോകന്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ക്രമക്കേടുകളിലും വെള്ളയമ്പലം എസ്എസ്ടി ഹോസ്റ്റല്‍ ക്രമക്കേടുകളിലും അന്വേഷണം നടത്തി ഡിവൈഎസ്പി നന്ദനന്‍പിള്ള നല്‍കിയ റിപോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയെന്നതായിരുന്നു അശോകനെതിരായ പരാതി. ഇതുകൂടാതെ മുന്‍മന്ത്രി എം എ കുട്ടപ്പനെതിരായ പരാതി അന്വേഷിച്ച ഡിവൈഎസ്പി രവിയുടെ റിപോര്‍ട്ടിലും എസ്പിയായിരുന്ന ബി അശോകന്‍ തിരുത്തലുകള്‍ വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ പരാതികളില്‍ ഇന്റലിജന്‍സ് എസ്പി നടത്തിയ അന്വേഷണത്തില്‍ അശോകന്‍ തിരുത്തല്‍ വരുത്തിയതായി ബോധ്യപ്പെട്ടതോടെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തു. അന്വേഷണ റിപോര്‍ട്ടുകളില്‍ സ്ഥിരമായി തിരുത്തലുകള്‍ നടത്താറുള്ള ഉദ്യോഗസ്ഥനെന്നാണ് അന്നത്തെ വിജിലന്‍സ് എഡിജിപി ശങ്കര്‍റെഡ്ഡിയും ആഭ്യന്തരവകുപ്പിന് റിപോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന്, അശോകന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ റദ്ദാക്കി. അച്ചടക്ക നടപടികളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ അശോകനെ ഐപിഎസിന് ശുപാര്‍ശ ചെയ്തതുമില്ല. എന്നാല്‍, എല്‍ഡിഎഫുമായി അടുത്ത ബന്ധമുള്ള അശോകന് ഈ സര്‍ക്കാരിന്റെ കാലത്താണ് ഐപിഎസ് ലഭിക്കാനായി മികച്ച പ്രവര്‍ത്തനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിവാദമായ കേസുകള്‍ പരിഗണിക്കുന്ന യൂനിറ്റിലേക്ക് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ നിയമിച്ചതിലൂടെ കേസുകള്‍ അട്ടിമറിക്കാനാണെന്ന ആക്ഷേപവും ഇതിനോടകം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it