അങ്ങിങ്ങ് സംഘര്‍ഷം; കള്ളവോട്ടിന് ശ്രമിച്ച നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം. കണ്ണൂരില്‍ കള്ളവോട്ടിന് ശ്രമിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകരും പട്ടാമ്പിയില്‍ ഒരാളും പിടിയിലായി. തലശ്ശേരി മണ്ഡലത്തിലെ കതിരൂരിലെ 25ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ശ്രമത്തിനിടെ മലാലില്‍ കൂറ്റേരിച്ചാലിലെ തണല്‍ വീട്ടില്‍ ജിഷ്‌രാജി(21)നെ പോലിസ് അറസ്റ്റ് ചെയ്തു. സ്ഥാനാര്‍ഥികൂടിയായ എ പി അബ്ദുല്ലക്കുട്ടി കൂടി ഇടപെട്ടാണ് ഇവിടെ കള്ളവോട്ട് തടഞ്ഞത്.
പേരാവൂര്‍ മണ്ഡലത്തില്‍ ചിങ്ങാംകുണ്ടം ബൂത്തില്‍ കള്ളവോട്ടിന് ശ്രമിക്കവെ സിപിഎം പ്രവര്‍ത്തകനായ ഷിജുവാണു പിടിയിലായത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം സ്‌കൂളില്‍ കള്ളവോട്ടിനു ശ്രമിക്കവെ മറ്റൊരു സിപിഎം പ്രവര്‍ത്തകനെയും കസ്റ്റഡിയിലെടുത്തു. തലശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എപി അബ്ദുല്ലക്കുട്ടിക്കു നേരെ കൈയേറ്റശ്രമമെന്ന പരാതിയുയര്‍ന്നു. തലശ്ശേരി ചമ്പാട്ടാണു സംഭവം.
കണ്ണൂര്‍ ചെറുതാഴം സ്‌കൂളില്‍ തിരിച്ചറിയല്‍ രേഖയെച്ചൊല്ലി തര്‍ക്കിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകരെ കേന്ദ്രസേനാംഗങ്ങള്‍ മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാറിനെതിരേ നോട്ടീസുകള്‍ വിതരണം ചെയ്ത കേസിലെ പ്രതികളെ പടിഞ്ഞാറേത്തറ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ സംഭവത്തില്‍ മുന്നൂറോളം പേര്‍ക്കെതിരേ കേസെടുത്തു.
ഈരാറ്റുപേട്ടയില്‍ വൈകീട്ട് 5.30ഓടെ ബൂത്തിന്റെ ഗേറ്റടച്ച എഎസ്‌ഐയുടെ നടപടി പ്രതിഷേധത്തിനിടയാക്കി. വോട്ടുചെയ്യാന്‍ നിരവധിപേര്‍ അവശേഷിക്കവെയാണ് എഎസ്‌ഐ സജി പോളിങ് ബൂത്തായ ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എല്‍പി സ്‌കൂളിന്റെ ഗേറ്റടച്ചത്.
ഇതേത്തുടര്‍ന്ന് സ്ഥലത്ത് പോലിസും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമായി. ഒടുവില്‍ സിഐ റിയാസും കൂടുതല്‍ പോലിസുകാരും എത്തിയാണു രംഗം ശാന്തമാക്കിയത്.
Next Story

RELATED STORIES

Share it