Editorial

അങ്ങനെ ലൗജിഹാദ് കള്ളക്കഥ പൊളിയുന്നു

കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്ന് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹകരണത്തോടെ കേരള ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കഥ പൊളിയുന്നത്. പ്രണയത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ പേരും മതം മാറുന്നതെങ്കിലും അതിന് ആസൂത്രിത സ്വഭാവമില്ലെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. പത്തു വര്‍ഷം മുമ്പ് പത്തനംതിട്ടയിലെ രണ്ടു വിദ്യാര്‍ഥിനികള്‍ മുസ്‌ലിം സഹപാഠികളുമായി പ്രണയത്തിലായി. ഇസ്‌ലാമിനെക്കുറിച്ചു പഠിക്കാന്‍ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിയ അവരെ ബന്ധപ്പെടുത്തിയാണ് ലൗജിഹാദ് വിവാദം കേരളത്തില്‍ ആരംഭിച്ചത്. ആ പദം തന്നെ ഒരു ഹിന്ദുത്വസൃഷ്ടിയായിരുന്നു. സംഘപരിവാരത്തിനൊപ്പം മേല്‍ക്കോയ്മാ മാധ്യമങ്ങളും പങ്കുചേര്‍ന്ന് പരമ്പരകള്‍ പ്രസിദ്ധീകരിച്ചു. എസ്എന്‍ഡിപിയും കെസിബിസിയും കഥയറിയാതെ ഒപ്പം നിന്നു. ലൗജിഹാദും അതിന്റെ അന്തര്‍ദേശീയ-തീവ്രവാദമാനങ്ങളും അന്വേഷിക്കണമെന്ന ജസ്റ്റിസ് കെ ടി ശങ്കരന്റെ വിധി വന്നത് തുടര്‍ന്നാണ്. പക്ഷേ, അന്വേഷണത്തിനു ശേഷം ഡിജിപി ജേക്കബ് പുന്നൂസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ മതംമാറ്റത്തിനു പ്രണയം ആയുധമാക്കുന്നതിന് ആസൂത്രിത നീക്കങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് വ്യക്തമാക്കിയത്. ജസ്റ്റിസ് വി ശശിധരന്‍ നമ്പ്യാരുടെ വിധിയോടെ കേരള സമൂഹത്തിനു സത്യം ബോധ്യപ്പെട്ടതാണ്. ഇത്തരം പ്രചാരണങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം പോലിസില്‍ ചിലര്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് കേസെന്നു കണ്ടെത്തി. ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യംവച്ചാണ് ഈ പ്രചാരണമെന്നും അതു മനസ്സിനെ വേദനിപ്പിക്കുന്നതായും കോടതിവിധിയില്‍ വ്യക്തമാക്കി. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ അദ്ദേഹത്തിനു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ ഈ കള്ളക്കഥ ആവര്‍ത്തിച്ച് ഇടയ്ക്ക് വിവാദമുണ്ടാക്കിയിരുന്നു. മറ്റെവിടെയും എന്നപോലെ കേരളത്തിലും മുസ്‌ലിംകള്‍ മാത്രമല്ല, ഹൈന്ദവരും ക്രൈസ്തവരും ഒരു മതത്തിലും വിശ്വാസമില്ലാത്തവരുമായ യുവതീയുവാക്കള്‍ പരസ്പരം പ്രണയിക്കുന്നു. അവര്‍ മതം മാറിയോ അല്ലാതെയോ വിവാഹിതരാവുന്നുമുണ്ട്. രക്ഷിതാക്കളുടെ അംഗീകാരത്തോടെയും അല്ലാതെയും വിവാഹം നടക്കുന്നു. അതിനു നിയമപരമായ സാധുതയുണ്ടുതാനും. മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രണയവിവാഹങ്ങള്‍ മാത്രം പഠിക്കുകയും ഇസ്‌ലാമിലേക്കുള്ള മതംമാറ്റ കണക്കുകള്‍ മാത്രം പുറത്തുവിടുകയും ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയും സദുദ്ദേശ്യപൂര്‍വമാണെന്നു കരുതാനാവില്ല. സര്‍ക്കാര്‍ അംഗീകൃത ഹൈന്ദവ സ്ഥാപനങ്ങളിലൂടെയും ചര്‍ച്ചുകളിലൂടെയും നടക്കുന്ന മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ ആരും പഠിച്ചില്ല. റിപോര്‍ട്ടും നല്‍കിയില്ല.  ഇത്തരം വിഭാഗീയമായ റിപോര്‍ട്ടുകള്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മാത്രമാണ് സഹായകമാവുക. കേരളത്തിലെ മുഴുവന്‍ മതപരിവര്‍ത്തനങ്ങളുടെയും വിശദമായ കണക്കുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കുകയെന്നതാണ് നീതിപൂര്‍വകമായ നടപടി. അങ്ങനെ സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും പുറത്തുവരട്ടെ.
Next Story

RELATED STORIES

Share it