അങ്കറ സ്‌ഫോടനം: മരണം 36 ആയി;  കുര്‍ദ് വിമതര്‍ക്കെതിരേ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി

അങ്കറ: കുര്‍ദ് വിമതര്‍ക്കെതിരേ രാജ്യത്തിന്റെ തെക്കു കിഴക്കന്‍ മേഖലയിലും ഇറാഖിലും തുര്‍ക്കി സൈന്യം വ്യോമാക്രമണം തുടങ്ങി.
36 പേരുടെ മരണത്തിനിടയാക്കിയ തുര്‍ക്കി തലസ്ഥാനത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൈനിക നടപടി. ഞായറാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിനു പിന്നാലെ 'തീവ്രവാദ'ത്തെ അടിച്ചമര്‍ത്തുമെന്നു പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ പികെകെ (കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി)യുടെ വനിതാ അംഗമാണെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ യുക്‌സേകോവ, നൂസൈബിന്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇറാഖിലെ കുര്‍ദിസ്താനില്‍ പികെകെ ക്യാംപുകളെ ലക്ഷ്യമാക്കി വ്യോമാക്രമണമുണ്ടായി.
തുര്‍ക്കിയിലെ ഖാന്‍ഡില്‍, ഗാര മേഖലയിലെ കുര്‍ദ് ആയുധപ്പുരകളും ഷെല്‍ട്ടറുകളും ഉള്‍പ്പെടെ 18 കേന്ദ്രങ്ങളെ ലക്ഷ്യമാക്കി 11 പോര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി. ഇക്കാര്യം കുര്‍ദ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ 125ലധികം പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 19 പേരുടെ നില ഗുരുതരമാണ്. 30 പേര്‍ സംഭവസ്ഥലത്തും ആറുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടി പൊട്ടിത്തെറിച്ചവരാണ്.
നഗരത്തിലെ വ്യാപാരകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കിസിലായിക്കു സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രസിദ്ധമായ ഗുവന്‍ പാര്‍ക്കിലേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനം. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. മൂന്നാഴ്ച മുമ്പ് ആങ്കറയില്‍ സൈനികര്‍ യാത്ര ചെയ്ത ബസ്സിനുനേരെയുണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കുര്‍ദ് വിമത ഗ്രൂപ്പായിരുന്നു ഈ സ്‌ഫോടനത്തിനു പിന്നില്‍. ഏതാനും ദിവസംമുമ്പ് തുര്‍ക്കിയിലെ യുഎസ് എംബസി, തലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മറ്റും കനത്ത സുരക്ഷയൊരുക്കുകയും മേഖലയില്‍ താമസിക്കുന്നവരോട് കുറച്ചു ദിവസത്തേക്ക് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it