Flash News

അങ്കമാലി-ശബരി റെയില്‍പ്പാത : 3,000 കുടുംബങ്ങള്‍ ദുരിതത്തില്‍

കൊച്ചി: ശബരി റെയില്‍ പദ്ധതി അനന്തമായി നീളുന്നതുമൂലം സ്ഥലം വിട്ടുനല്‍കിയവര്‍ ദുരിതത്തില്‍. പദ്ധതിക്കായി സ്ഥലം നല്‍കിയ 5000ഓളം കുടുംബങ്ങളാണ് പദ്ധതി അനിശ്ചിതമായി നീളുന്നതുമൂലം ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ സാധിക്കാതെ കഴിയുന്നത്. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത 25 ഹെക്റ്റര്‍ ഭൂമിയുടെ മൂല്യം ഉടമസ്ഥര്‍ക്കു കൈമാറി. പിന്നീടാണ് പദ്ധതിക്ക് ആവശ്യമായ ഭൂമിയില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ബോര്‍ഡുകളും സര്‍വേക്കല്ലുകളും സ്ഥാപിച്ചത്. എന്നാല്‍, 1997-98 കാലഘട്ടത്തില്‍ രൂപം നല്‍കിയ പദ്ധതി 20 കൊല്ലം കഴിഞ്ഞിട്ടും കാര്യമായി മുന്നോട്ടുപോയില്ല. ഏറ്റെടുക്കുമെന്നറിയിച്ച് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചതോടെ ഈ ഭൂമി ക്രയവിക്രയം ചെയ്യാനാവാതെ ഉടമസ്ഥര്‍ കുടുങ്ങിയിരിക്കുകയാണ്. ശബരി റെയില്‍ കടന്നുപോവുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കാനുള്ളത്. ഏറ്റെടുത്ത 25 ഹെക്റ്റര്‍ ഭൂമി എറണാകുളം ജില്ലയിലാണ്. പദ്ധതി ആരംഭിക്കുന്ന അങ്കമാലി, നെടുമ്പാശ്ശേരി, മറ്റൂര്‍, വടക്കുംഭാഗം, ചേലാമറ്റം പ്രദേശങ്ങളിലാണ് ഭൂമി ഏറ്റെടുത്തത്. എറണാകുളം ജില്ലയില്‍ മാത്രം ഇനിയും 204 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പദ്ധതിക്ക് ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെ റെയില്‍വേ അധികൃതര്‍ അളന്നു തിട്ടപ്പെടുത്തി സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു. ഉടന്‍ തന്നെ ഏറ്റെടുത്ത് പണം കൈമാറുമെന്നറിയിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നും പദ്ധതിയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പദ്ധതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ഈ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണു നിയമം. ഭൂമി കൈമാറി പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍  വ ന്‍ തുകകള്‍ ബാങ്കില്‍ നിന്ന് കടമെടുത്ത പലരും തിരിച്ചടവ് മുടങ്ങി ആത്മഹത്യയുടെ വക്കിലാണെന്ന് ശബരി റെയില്‍ ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗോപാലന്‍ വെണ്ടുവഴി പറഞ്ഞു. ഭൂമി പണയപ്പെടുത്താന്‍പോലും നിയമം അനുവദിക്കുന്നില്ല. പദ്ധതിയുമായി മുന്നോട്ടുപോവുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഭൂമി ഏറ്റെടുത്ത് ഉടമസ്ഥര്‍ക്ക് പണം കൈമാറണം. അല്ലാത്തപക്ഷം പദ്ധതി ഉപേക്ഷിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കണം. പ്രധാനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ശബരി റെയില്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെടുന്നുണ്ട്. ആദ്യഘട്ടത്തില്‍ പദ്ധതി നടത്തിപ്പിന്റെ 51 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ശേഷിക്കുന്നവ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നുമായിരുന്നു ധാരണ. എന്നാല്‍, പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ശബരി റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. വരുമാനം കുറവാണെന്നു ചൂണ്ടിക്കാട്ടി നേരത്തേ തന്നെ റെയില്‍വേ പദ്ധതിയില്‍ നിന്നു പിന്മാറുമെന്നു സൂചനകള്‍ നല്‍കിയിരുന്നു. പദ്ധതി ചെലവ് പൂര്‍ണമായും വഹിക്കണമെന്ന് സംസ്ഥാനം അറിയിച്ചതോടെ അങ്കമാലി-ശബരി റെയില്‍ പദ്ധതിക്ക് ഇനിയൊരു ഉയിര്‍പ്പുണ്ടാവില്ലെന്ന് ഏറക്കുറേ ഉറപ്പായി. ഇതോടെയാണ് പദ്ധതി ഉപേക്ഷിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it