thrissur local

അങ്കമാലി-മണ്ണൂത്തി ദേശീയപാത; സൗകര്യ ങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി: കലക്ടര്‍

ചാലക്കുടി: അങ്കമാലി-മണ്ണൂത്തി ദേശീയപാതയില്‍ നേരത്തെയുളള ധാരണപ്രകാരം പൂര്‍ത്തിയാക്കേണ്ട അനുബന്ധ സൗകര്യങ്ങള്‍ കരാര്‍ കമ്പനി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ വി രതീശന്‍. ഇത് സംബന്ധിച്ച് കരാര്‍ കമ്പനിക്ക് അടിയന്തരമായി നോട്ടീസ് നല്‍കുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മേഖലയിലെ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതര്‍ ഉള്‍പ്പെടെയുളള ഉദേ്യാഗസ്ഥരുടെയും യോഗം ഉടന്‍ വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വിവിധ പ്രശ്‌നങ്ങള്‍ നിയുക്ത എംഎല്‍എ ബി ഡി ദേവസിക്കൊപ്പം നേരില്‍ പരിശോധിച്ച ശേഷമാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ചാലക്കുടി ചെറങ്ങര ജങ്ഷന് സമീപം സര്‍വീസ് റോഡ് പൂര്‍ത്തിയാക്കാത്തതിനാലും പാര്‍ശ്വഭിത്തി നിര്‍മിക്കാത്തതിനാലും നിരവധി അപകടങ്ങള്‍ക്കു സാക്ഷ്യം വഹിച്ച സ്ഥലം കലക്ടര്‍ സന്ദര്‍ശിച്ചു. ഇവിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകുമെന്ന് കലക്ടര്‍ നിയുക്ത എംഎല്‍എക്കും മറ്റ് ജനപ്രതിനിധികള്‍ക്കും ഉറപ്പ് നല്‍കി. ചാലക്കുടി സൗത്ത് ജങ്ഷന്റെ ഇരുഭാഗത്തും കരാര്‍ കമ്പനി ഡ്രെയ്‌നേജ് ശരിയായി നിര്‍മിക്കാത്തത് മൂലം വര്‍ഷകാലത്ത് ഇവിടെ വെളളക്കെട്ട് ഭീഷണി നേരിടുകയാണെന്ന് ജനപ്രിതിനിധികള്‍ കലക്ടറെ അറിയിച്ചു. ഇക്കാര്യത്തില്‍ കരാര്‍ കമ്പനിയോടും ദേശീയപാത അധികൃതരോടും വിശദീകരണം തേടും. ഇവിടെ ഫ്‌ളൈ-ഓവറിന് താഴെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കും.
ഡ്രെയ്‌നേജ് അടഞ്ഞുപോകുന്നത് മൂലം വെളളക്കെട്ട് ഭീഷണി നേരിടുന്ന മുരിങ്ങൂര്‍ ഡിവൈന്‍ റീട്രീറ്റ് സെന്ററിന് സമീപമുളള അണ്ടര്‍ പാസും സമീപസ്ഥലങ്ങളും കലക്ടര്‍ സന്ദര്‍ശിച്ചു. പല സ്ഥലങ്ങളിലും ഡ്രെയിനേജ് സ്ലാബിട്ട് മൂടാത്തത് മൂലം ജനങ്ങള്‍ കൊതുക് ശല്യവും മറ്റ് ശുചിത്വപ്രശ്‌നങ്ങളും നേരിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൊരട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രസ്സിന് സമീപമുളള സര്‍വ്വീസ് റോഡിന്റെനിര്‍മാണവും അപൂര്‍ണമാണ്. ഇക്കാര്യങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാര്‍ കമ്പനിക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. വേണ്ടി വന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമുപയോഗിച്ച് പ്രോസിക്യൂഷന്‍ നടപടികളും ഉണ്ടാകുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ട്പറമ്പില്‍, തൃശൂര്‍ ജില്ലാ പോലിസ് മേധാവി(റൂറല്‍) കെ കാര്‍ത്തിക് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it