അങ്കമാലി 'ടെല്‍ക്കി'നെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മൂവാറ്റുപുഴ: സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിനു മുമ്പ് ശമ്പളം വര്‍ധിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത അങ്കമാലി ടെല്‍ക്കിനെതിരേ വിജിലന്‍സ് അന്വേഷണം നടത്തുന്നതിനു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ടെല്‍ക്ക് മാനേജിങ് ഡയറക്ടര്‍, കമ്പനി സെക്രട്ടറി, തുടങ്ങി 11 പേര്‍ക്കെതിരേ ത്വരിതാന്വേഷണം നടത്താനാണു ജഡ്ജി ബി കലാം പാഷ ഉത്തരവിട്ടിരിക്കുന്നത്. 2018 ജനുവരി 22ന് മുമ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അനുവാദമില്ലാതെ 15 കോടി രൂപ വിതരണം ചെയ്തിട്ടുള്ളതായാണ് ആലുവ കോലഞ്ചേരി വീട്ടില്‍ കെ എം ഡൊമിനിക് നല്‍കിയ പരാതിയില്‍ ചൂണ്ടി ക്കാട്ടിയിട്ടുള്ളത്. ഹരജിക്കാരന്റെ വാദം അംഗീകരിച്ചാണു ത്വരിതാന്വേഷണത്തിന് ഉത്തരവായത്.2012 കാലഘട്ടത്തില്‍ ടെല്‍ക്കിലെ ഉദ്യാഗസ്ഥര്‍ക്ക് വേണ്ടി 2011 സപ്തംബര്‍ മുതല്‍ 2016 ആഗസ്ത് വരെ ശമ്പളം പുതുക്കുന്നതിന് നിര്‍ദേശമുണ്ടായി. ബോര്‍ഡില്‍ വച്ച് പാസാക്കി സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചെങ്കിലും അംഗീകാരം ലഭിക്കുന്നതിനു മുമ്പ് പുതുക്കിയ ശമ്പളം എല്ലാവര്‍ക്കും നല്‍കി തുടങ്ങി. എന്നാല്‍, കമ്പനി നല്‍കിയ ശുപാര്‍ശ അംഗീകരിക്കാതെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി 2017 ആഗസ്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍, ഇത് വകവയ്ക്കാതെ ശമ്പളം പഴയതു പോലെ ടെല്‍ക്ക് നല്‍കിയതായും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it