അങ്കമാലിയില്‍ അറസ്റ്റിലായ ജിതേന്ദര്‍ മാവോവാദി ഗ്രൂപ്പിന്റെ നേതാവെന്ന്

ആലുവ: അങ്കമാലിയില്‍ പിടിയിലായ ജാര്‍ഖണ്ഡ് സ്വദേശി ജിതേന്ദര്‍ ഒറാന്‍ ജാര്‍ഖണ്ഡിലെ മാവോവാദി ഗ്രൂപ്പ് കമാന്‍ഡറും ഗാരു പോലിസ് സ്‌റ്റേഷന്‍ കേസിലെ പിടികിട്ടാപ്പുള്ളിയുമാണെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ജിതേന്ദര്‍ ഒറാമിനെ അങ്കമാലിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഈ കേസിന്റെ അന്വേഷണം നടത്തുന്ന ആലുവ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പി പി ഷംസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണു കൂടുത ല്‍ വിവരങ്ങള്‍ ലഭിച്ചത്. ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പല കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള വിവരം കേരള പോലിസിന്റെ ചോദ്യംചെയ്യലില്‍ നിന്നു വ്യക്തമായെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
2002ല്‍ സര്‍ജു ഗ്രാമത്തിലെ ജഗദീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതോടുകൂടിയാണ് ഇയാള്‍ മാവോവാദി സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ചോരഹ, ബന്തുവ, കര്‍ച്ചു, ചാച്ചു, ഗോദാങ് എന്നീ ഗ്രാമങ്ങളിലെ കാടുകളില്‍ വച്ച് ജിതേന്ദര്‍ മാവോവാദി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനം നേടിയിട്ടുണ്ട്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ലോക്കല്‍ ഗോറില്ല സ്‌ക്വാഡിന്റെ ഗ്രൂപ്പ് കമാന്‍ഡറായി ജിതേന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു യതീഷ് ചന്ദ്ര പറഞ്ഞു. 2005ല്‍ സര്‍ജൂ ഗ്രാമത്തിലെ ദാബ്രി സിആര്‍പിഎഫ് ക്യാംപിനു നേരെ ബോംബെറിഞ്ഞ് ജവാന്മാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
2010ല്‍ മഖന്‍പൂര്‍ കാട്ടില്‍വച്ച് പോലിസുമായി നടന്ന ഏറ്റുമുട്ടലിനും 2011ല്‍ ലാവര്‍ പോലിസ് പിക്കറ്റ് പോസ്റ്റില്‍ 11 പോലിസുകാരെ കൊലപ്പെടുത്തിയ സംഭവത്തിനും നേതൃത്വം നല്‍കിയത് ജിതേന്ദറാണ്. 2011ല്‍ ജാര്‍ഖണ്ഡില്‍ നിന്നു രക്ഷപ്പെട്ട് കേരളത്തില്‍ എത്തിയ ജിതേന്ദര്‍ വയനാട്ടിലെ വൈത്തിരിയിലും പിന്നീട് അങ്കമാലിയിലും ജോലിചെയ്യുകയായിരുന്നു. ഈ സമയത്തും ജാര്‍ഖണ്ഡിലെ മാവോവാദി ഗ്രൂപ്പ് നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നു.
അവരുടെ ആവശ്യപ്രകാരം മൊബൈല്‍ സിം കാര്‍ഡുകള്‍ വ്യാജ ഐഡിപ്രൂഫില്‍ ശേഖരിക്കുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിതേന്ദറിനെ അറസ്റ്റ് ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ജാര്‍ഖണ്ഡിലെ പല കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായതായും ഈ കാര്യത്തില്‍ ജാര്‍ഖണ്ഡ് പോലിസിനു ലഭിക്കാതിരുന്ന വിവരങ്ങള്‍ കേരള പോലിസ് ജാര്‍ഖണ്ഡ് പോലിസിനു കൈമാറിയിട്ടുള്ളതായും ഡിവൈഎസ്പി ഷംസ് അറിയിച്ചു.
Next Story

RELATED STORIES

Share it