അങ്കണവാടി ജീവനക്കാര്‍ക്ക് ക്ഷേമനിധി: ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു

തിരുവനന്തപുരം: അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് ക്ഷേമനിധി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ല് നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. മന്ത്രി എം കെ മുനീറാണ് ഓര്‍ഡിനന്‍സിന് പകരമുള്ള 2016ലെ കേരള അങ്കണവാടി വര്‍ക്കര്‍മാരുടെയും അങ്കണവാടി ഹെല്‍പ്പര്‍മാരുടെയും ക്ഷേമനിധി ബില്‍ അവതരിപ്പിച്ചത്. വിപ്ലവകരമായ ബില്ലാണ് ഇതെന്നും ചരിത്ര മുഹൂര്‍ത്തമാണെന്നും ബില്‍ അവതരിപ്പിച്ച് മന്ത്രി പറഞ്ഞു.
66,000ത്തോളം പേര്‍ക്ക് ബില്ലിന്റെ പ്രയോജനം ലഭിക്കും. ഹെല്‍പ്പര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിന് ഫണ്ട് മാത്രമാണുണ്ടായിരുന്നത്. പിന്നീട് ഇതിനായി ക്ഷേമനിധി രൂപീകരിച്ചു. ഈ ക്ഷേമനിധിയെ സ്റ്റാറ്റിയൂട്ടറി സംവിധാനമാക്കി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നത്. ആറു വയസ്സില്‍ താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യസംരക്ഷണത്തിനും സേവനത്തിനുമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടി ഹെല്‍പ്പര്‍മാരുടെയും വര്‍ക്കര്‍മാരുടെയും ഏറെ നാളത്തെ ആഗ്രഹപൂര്‍ത്തീകരണമാണ് ബില്‍ അവതരണത്തോടെ സഫലമായതെന്നും മന്ത്രി പറഞ്ഞു. 10 വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചിട്ടുള്ള അംഗത്തിന് പെന്‍ഷന്‍ നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. അഞ്ചുവര്‍ഷക്കാലമോ അതിലധികമോ തുടര്‍ച്ചയായി ക്ഷേമനിധിയിലേക്ക് അംശാദായം അടച്ച അംഗത്തിന് തുകയും അതിന്റെ പലിശയും സര്‍ക്കാര്‍ വിഹിതവും ലഭിക്കും. ചികില്‍സാ ചെലവ്, മരണപ്പെട്ടാല്‍ ആശ്രിതന് ആനുകൂല്യം എന്നിവയും വ്യവസ്ഥ ചെയ്യുന്നു.
പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളില്‍ വര്‍ധിപ്പിച്ച അടിസ്ഥാന നികുതി നിരക്കില്‍ കുറവുവരുത്തുന്നതിനുള്ള 2016ലെ കേരള ഭൂനികുതി(ഭേദഗതി) ബില്ലും സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. മന്ത്രി അടൂര്‍ പ്രകാശാണ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് സഭയില്‍ അവതരിപ്പിച്ചത്. അധിക ധനസമാഹരണ നടപടികളുടെ ഭാഗമായി അടിസ്ഥാന നികുതി പഞ്ചായത്ത് പ്രദേശങ്ങളില്‍ ആറിന് അഞ്ചു രൂപയായും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 10 രൂപയായും കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ 20 രൂപയായും വര്‍ധിപ്പിച്ച് ഭേദഗതി വരുത്തിയിരുന്നു. ഈ വര്‍ധനവ് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നികുതികുറച്ച് നിയമഭേദഗതി കൊണ്ടുവന്നത്.
Next Story

RELATED STORIES

Share it