kozhikode local

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധന; സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെന്ന്

കോഴിക്കോട്: അങ്കണവാടി ജീവനക്കാര്‍ക്ക് ജനുവരിമാസം മുതല്‍ 10,000രൂപ ഓണറേറിയം അനുവദിക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിക്കപെട്ടില്ലെന്ന് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍(സിഐടിയു). സര്‍ക്കാര്‍ ഉത്തരവു വന്നപ്പോള്‍ ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന ഓണറേറിയം വര്‍ക്കറുടേത് 5600ല്‍ നിന്ന് 10,000രൂപയായും ഹെല്‍പ്പറുടേത് 4100ല്‍ നിന്ന് 7000രൂപയായും വര്‍ധിപ്പിക്കണമെന്നും ഈ തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തനതുഫണ്ടില്‍ നിന്നും എടുക്കണമെന്നും ഏപ്രില്‍മാസം മുതല്‍ നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അങ്കണവാടി ജീവനക്കാര്‍ക്ക് ഒരുരൂപപോലും ഓണറേറിയം ഇനത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കാതെയാണ് ഇങ്ങനെ ഉത്തരവ് ഇറക്കിയിട്ടുള്ളതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
2015 ഏപ്രില്‍, മെയ് മാസങ്ങളില്‍ അംഗപരിമിത സര്‍വേ സര്‍ക്കാരിന് വേണ്ടി നടത്തിയത് അങ്കണവാടി ജീവനക്കാരാണ്.. ഇതിന് അനുവദിച്ച വേതനം അഞ്ചു രൂപയില്‍ നിന്നും വര്‍ധിപ്പിച്ചു തരും എന്ന് വകുപ്പുമന്ത്രി എം കെ മുനീര്‍ ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഇപ്പോള്‍ അങ്കണവാടി കെട്ടിടത്തിലെ കക്കൂസ് ഉള്‍പ്പെടെയുള്ള കെട്ടിട സൗകര്യത്തിന്റെ ഫോട്ടോ ജീവനക്കാര്‍ പണം ചെലവാക്കി എടുത്ത് അയച്ചു കൊടുക്കണം. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ സാമൂഹിക നീതി ദിനാചരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പാചകകുറിപ്പുകളുടെ പുസ്തകം അങ്കണവാടി ജീവനക്കാര്‍ വില്‍പ്പന നടത്തണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാതെ അങ്കണവാടി ജീവനക്കാരെ വഞ്ചിക്കയാണെന്നു അസോസിയേഷന്‍ പറഞ്ഞു.
സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫിസിലേക്ക് രാവിലെ പത്തിന് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it